കൊളംബോ > പുതിയ ഇന്ത്യ അരങ്ങേറി. ഉജ്വലമായി. ക്യാപ്റ്റന്റെ വേഷത്തിൽ എത്തിയ ശിഖർ ധവാനും ആദ്യ ഏകദിന കുപ്പായമിട്ട ഇഷാൻ കിഷനും അരങ്ങേറ്റത്തിൽ തകർത്തപ്പോൾ, ഇന്ത്യ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് വീഴ്ത്തി. 263 റൺ പിന്തുടർന്ന ഇന്ത്യ 80 പന്തുകൾ ബാക്കിനിൽക്കേ ജയംകണ്ടു. ധവാൻ 95 പന്തിൽ 86 റണ്ണുമായി പുറത്താകാതെ നിന്നു. രണ്ടാമനായെത്തിയ ഇഷാൻ 42 പന്തിൽ 59 റണ്ണടിച്ചു. പൃഥ്വി ഷായും (24 പന്തിൽ 43) മിന്നി.
സ്കോർ: ലങ്ക 9–-262, ഇന്ത്യ 3–-263 (36.4).
അനായാസമായിരുന്നു ഇന്ത്യ ജയത്തിലേക്ക് ബാറ്റ് വീശിയത്. പൃഥ്വിയാണ് വെടിക്കെട്ടിന് തീകൊളുത്തിയത്. പിന്നാലെ എത്തിയ ഇഷാൻ അരങ്ങേറ്റത്തിലെ ആദ്യപന്ത് അതിർത്തി കടത്തിയാണ് തുടങ്ങിയത്. രണ്ട് സിക്സും എട്ടു ബൗണ്ടറിയും പിറന്നാൾദിനത്തിൽ ഇരുപത്തിമൂന്നുകാരൻ പായിച്ചു. ട്വന്റി–-20യിലും അരങ്ങേറ്റത്തിൽ ഇഷാൻ അരസെഞ്ചുറി കുറിച്ചിരുന്നു.
നായകന്റെ ഇന്നിങ്സായിരുന്നു ധവാന്റേത്. 33–-ാം അരസെഞ്ചുറിയാണിത്. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ 50 റണ്ണടിക്കുന്ന ആറാമത്തെ ഇന്ത്യക്കാരൻ. ഏകദിനത്തിൽ 6000 റണ്ണും ഇടംകൈയൻ പൂർത്തിയാക്കി. സൂര്യകുമാർ യാദവ് (20 പന്തിൽ 31) പുറത്താകാതെ നിന്നു.
മൂന്നു മത്സരപരമ്പരയിലെ അടുത്ത കളി നാളെയാണ്.
സഞ്ജുവിന് പരിക്ക്
കൊളംബോ > ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസൺ കളിക്കാതിരുന്നത് പരിക്കുകാരണം. പരിശീലനത്തിനിടെ സഞ്ജുവിന്റെ കാൽമുട്ടിന് പരിക്കേറ്റു. ഇതോടെ സഞ്ജുവിനുപകരം ഇഷാൻ കിഷൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ടീമിൽ ഇടംപിടിച്ചു. ഇന്ത്യക്കായി ട്വന്റി–-20 കുപ്പായമണിഞ്ഞ സഞ്ജു ലങ്കയ്ക്കെതിരെ ഏകദിന അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയായിരുന്നു. ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാനാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കൂടുതൽ പരിശോധനകൾ നടക്കുകയാണെന്ന് ബിസിസിഐ അറിയിച്ചു.