കൊച്ചി > കർശന നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് സംസ്ഥാനത്ത് സിനിമാ ഷൂട്ടിങ് ആരംഭിക്കാൻ സിനിമാ സംഘടനകളുടെ യോഗം തീരുമാനിച്ചു. ചിത്രീകരണത്തിനായി പൊതു മാനദണ്ഡം തയ്യാറാക്കാൻ കേരള ഫിലിം ചേംബറും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും ഓൺലൈനിൽ നടത്തിയ ചർച്ചയിൽ ധാരണയായി. പീരുമേട്ടിൽ ആരംഭിക്കാനിരുന്ന സിനിമ ചിത്രീകരണം പൊതു മാനദണ്ഡം ഉണ്ടാക്കിയശേഷം മതിയെന്നും നിര്ദേശം നല്കി.
ഷൂട്ടിങ് നടത്താൻ തയ്യാറാകുന്ന നിർമാതക്കൾക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ക്ലിയറൻസ് നൽകും. ക്ലിയറൻസ് ലഭിക്കുമ്പോൾ ഫെഫ്ക ചിത്രീകരണവുമായി സഹകരിക്കും. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർക്കും ആർടിപിസിആർ ടെസ്റ്റിൽ നെഗറ്റീവാകുന്നവർക്കും മാത്രമേ ഷൂട്ടിങ്ങിൽ പങ്കെടുക്കാനാകൂ. നിബന്ധന ഒഴിവാക്കി ആരെയും ചിത്രീകരണസ്ഥലത്ത് പ്രവേശിപ്പിക്കില്ല. ചിത്രീകരണസ്ഥലം കോവിഡ് നിയന്ത്രിത ബയോ ബബിൾ ആക്കിത്തീർക്കും. തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്ക് നിശ്ചയിക്കപ്പെട്ട ചുറ്റുപാടിൽ കോവിഡ് വൈറസുകളിൽനിന്ന് സുരക്ഷിതത്വം നൽകുന്ന സംവിധാനമാണ് ബയോ ബബിൾ.
തിങ്കളാഴ്ച വൈകിട്ടോടെ പൊതു മാനദണ്ഡത്തിന് അന്തിമരൂപം നൽകും. ഈ ക്ലിയറൻസിനുമുമ്പ് ചിത്രീകരണങ്ങൾ അനുവദിക്കില്ല. കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കർക്കശ നിയന്ത്രണങ്ങൾക്കുവിധേയമായി സിനിമാ ഷൂട്ടിങ് നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നു.
കേരള ഫിലിം ചേംബർ പ്രസിഡന്റ് ജി സുരേഷ് കുമാർ, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം രഞ്ജിത്, ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ എന്നിവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.