ഫുട്ബോളിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ ഇന്ത്യ സമനിലയിൽ തളച്ചെന്ന് പറഞ്ഞാൽ എത്രപേർ വിശ്വസിക്കും? പക്ഷേ, അതൊരു സത്യമാണ്. ആറുപതിറ്റാണ്ടുമുമ്പാണ് സംഭവം. 1960ലെ റോം ഒളിമ്പിക്സിൽ. ആ കഥ പറയേണ്ട ഒരാളുണ്ട്. അന്ന് പ്രതിരോധക്കോട്ട കെട്ടിയ ഒളിമ്പ്യൻ ചന്ദ്രശേഖരൻ എന്ന ഒ ചന്ദ്രശേഖരമേനോൻ. പക്ഷേ, ഒന്നും ഓർക്കാനാകാതെ മറവിരോഗം അദ്ദേഹത്തെ കീഴടക്കിയിരിക്കുന്നു.
1958 മുതൽ 1966 വരെ ഇന്ത്യൻ ജേഴ്സിയിൽ തിളങ്ങിയ എൺപത്തിയാറുകാരൻ എറണാകുളം എസ്ആർഎം റോഡിലെ വീട്ടിൽ ഭാര്യ വിമലയ്ക്കൊപ്പം കഴിയുന്നു.
പീറ്റർ തങ്കരാജ്, എസ് എസ് നാരായൻ, പി കെ ബാനർജി, ജർണെയ്ൽ സിങ്, ചുനി ഗോസ്വാമി, സൈമൺ സുന്ദർരാജ് എന്നീ പ്രമുഖർ ഉൾപ്പെട്ട ഇന്ത്യൻ ടീമിലെ പ്രതിരോധക്കാരനായിരുന്നു. ഒളിമ്പിക്സിലെ ആദ്യകളിയിൽ ഹംഗറിയോട് 2-–-1ന് തോറ്റശേഷമാണ് ഫ്രാൻസുമായി സമനില. പി കെ ബാനർജിയിലൂടെ ഇന്ത്യയാണ് ലീഡ് നേടിയത്. പെറുവിനോട് 3-–-1ന് തോറ്റതോടെ സെമി കാണാതെ പുറത്തായി. സൈമൺ സുന്ദർരാജാണ് ആശ്വാസഗോൾ നേടിയത്. അതിനുശേഷം ഒളിമ്പിക്സിൽ യോഗ്യത നേടാൻ ഇന്ത്യക്കായിട്ടില്ല.
ഇരിങ്ങാലക്കുട ഗവ. ഹൈസ്കൂളിൽ പന്തുകളിച്ച് ഇന്ത്യൻ ടീമിലെത്തിയ ചരിത്രം അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥയാണ്. തൃശൂർ സെന്റ് തോമസ് കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും കളി തുടർന്നു. അപ്പോഴേക്കും ബോംബെ കാൾട്ടക്സിൽനിന്ന് വിളി വന്നു. അവിടെ ജോലിയും കളിയും. പിന്നാലെ ഇന്ത്യൻ ടീമിലേക്കും.
ഇന്ത്യൻ ഫുട്ബോളിലെ സുവർണ നിരയുടെ പൊട്ടാത്ത കണ്ണിയായിരുന്നു. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായും പ്രതിരോധക്കാരൻ തിളങ്ങി. 1962ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിലുണ്ടായിരുന്നു. 1962ലെ ഏഷ്യൻ കപ്പിൽ വെള്ളി. 1959, 1964 മെർദേക്ക ഫുട്ബോളിലും വെള്ളിത്തിളക്കം. 1964 ടോക്യോ ഒളിമ്പിക്സിനുള്ള യോഗ്യതാ മത്സരങ്ങൾ കളിച്ചു. പക്ഷേ, ഇന്ത്യക്ക് യോഗ്യത നേടാനായില്ല.
അതിനിടെ 1956-–-1966 കാലത്ത് മഹാരാഷ്ട്രയ്ക്കായി സന്തോഷ് ട്രോഫി കളിച്ചു. 1963ൽ ക്യാപ്റ്റനായി കപ്പ് നേടി. ഇന്ത്യൻ ടീമിൽനിന്ന് വിരമിച്ചശേഷമാണ് 1966ൽ എസ്ബിഐയിൽ ചേർന്നത്. അവിടെ ഏഴുവർഷം ജോലിക്കൊപ്പം പരിശീലകന്റെയും കളിക്കാരന്റെയും ഇരട്ടറോളും വഹിച്ചു. കളി നിർത്തിയശേഷം കേരള ടീമിന്റെ സെലക്ടറും കൊച്ചി കേന്ദ്രമായി തുടങ്ങി പൊലിഞ്ഞുപോയ എഫ്സി കൊച്ചിൻ ടീമിന്റെ ജനറൽ മാനേജരുമായിരുന്നു.
കൊച്ചിയിലെ ഫുട്ബോൾ വേദികളിൽ സജീവമായിരിക്കെയാണ് മറവിരോഗം കീഴടക്കിയത്. ഇപ്പോൾ വീട്ടിൽനിന്ന് പുറത്തിറങ്ങാറില്ല.
ഇനി ഒരിക്കലും തിരിച്ചെത്തുമോന്ന് ആശങ്കപ്പെടുന്ന സുവർണകാലത്തെക്കുറിച്ച് ഓർത്തെടുക്കാൻപോലുമാകാത്ത ഒളിമ്പ്യൻ നീറുന്ന വേദനയാണ്. മൂന്നു മക്കളുണ്ട്. സുനിൽ (ബംഗളൂരു), സുധീർ (വാഷിങ്ടൺ ഡി സി), സുമ (ന്യൂയോർക്ക്).