കൊച്ചി > ഒന്നരപ്പതിറ്റാണ്ടായി ഇന്ത്യൻ ഹോക്കിയുടെ കാവൽക്കാരനാണ് പി ആർ ശ്രീജേഷ്. പരിശീലകൻ ഗ്രഹാം റെയ്ഡിന്റെ വാക്കുകൾ കടമെടുത്താൽ ‘ടീമിന്റെ വൻമതിലും, ഊർജവും’. 2006ലാണ് എറണാകുളംകാരൻ ദേശീയ ടീമിന്റെ ഭാഗമാകുന്നത്. പിന്നീട് തിരിഞ്ഞുനോക്കിയില്ല. പതിനഞ്ച് വർഷമായി ഗോൾവല കാക്കുന്നു. ലണ്ടൻ, റിയോ ഒളിമ്പിക്സ് സംഘത്തിലെ ഒന്നാംനമ്പർ ഗോളിയായി. റിയോയിൽ ക്വാർട്ടർവരെ എത്തിയ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഇന്ത്യൻ ഹോക്കിയുടെ നായകനായ ആദ്യ മലയാളികൂടിയാണ് ഈ മുപ്പത്താറുകാരൻ.
ടോക്യോയിൽ ശ്രീജേഷിന് മൂന്നാം ഒളിമ്പിക്സാണ്. ടീമിലെ ഏറ്റവും പരിചയസമ്പന്നൻ.
ലോക റാങ്കിങ്ങിൽ നാലാമതുള്ള ഇന്ത്യക്ക് നോട്ടം മെഡലിലേക്കാണ്. 41 വർഷങ്ങൾക്കുശേഷം ധ്യാൻചന്ദിന്റെ പിൻമുറക്കാർ പ്രതീക്ഷ നൽകുന്നു. ഹോക്കിയിൽ എട്ടുവട്ടം ചാമ്പ്യൻമാരായ ഇന്ത്യ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ്. ഈ പ്രയത്നത്തിന് ചുക്കാൻപിടിക്കുന്നത് ശ്രീജേഷാണ്. 1964ലെ ടോക്യോ ഒളിമ്പിക്സിൽ പൊന്നണിഞ്ഞതിന്റെ ഓർമയുമായാണ് ഇന്ത്യൻ ടീം ജപ്പാനിലേക്ക് പറക്കുന്നത്.
സന്തോഷം, അഭിമാനം
കേരളംപോലെ ഹോക്കിക്ക് അത്ര സ്വാധീനമില്ലാത്തിടത്തുനിന്ന് ഇത്രയുംകാലം ഇന്ത്യക്കായി കളിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. അതുപോലെ ഉത്തരവാദിത്തവും. സീനിയർ കളിക്കാരനെന്ന നിലയ്ക്ക് ടീമിന്റെ പുരോഗതിയിൽ വലിയ പങ്കുവഹിക്കാനുണ്ട്. യുവതാരങ്ങളെ പ്രചോദിപ്പിക്കാനുള്ള ചുമതലയുണ്ട്. പരിചയസമ്പന്നത ഒരു ഘടകമാണ്.
ഒറ്റ ലക്ഷ്യം
മൂന്ന് വർഷമായി ടോക്യോ ലക്ഷ്യമിട്ടുള്ള ഒരുക്കത്തിലാണ് ടീം. നോക്കൗട്ട് സ്റ്റേജിൽ എത്തുക എന്നതാണ് ആദ്യ കടമ്പ. കോവിഡ് കാലത്ത് ഒന്നിച്ച് ബംഗളൂരുവിൽ പരിശീലന ക്യാമ്പിലാണ്. മത്സരങ്ങൾ കിട്ടാത്തത് പോരായ്മയാണ്. സാങ്കേതിക പിഴവുകൾ തിരുത്താനും കൂടുതൽ മെച്ചപ്പെടാനുമാണ് ഈ കാലം ചെലവഴിച്ചത്. എല്ലാ നിരയിലും മികച്ച സംഘമാണ് ഇന്ത്യക്ക്. ലോക റാങ്കിങ്ങിൽ ആദ്യ നാല് സ്ഥാനത്ത് ഉണ്ടെന്നതുതന്നെ സാധ്യതകൾ കൂട്ടുന്നു. എന്നാൽ ഒന്നും എളുപ്പമല്ല. കഠിനാധ്വാനമില്ലാതെ വിജയങ്ങളുണ്ടാകില്ല. ടോക്യോയിൽ കാഴ്ചകാണാനല്ല ടീം പോകുന്നത്.
മൂന്നാം മേള
2012 ലണ്ടനിലായിരുന്നു ആദ്യ ഒളിമ്പിക്സ്. അന്ന് അമ്പരപ്പായിരുന്നു. എന്നെപ്പോലുള്ള ചെറുപ്പക്കാരന് എല്ലാം അത്ഭുതമായിരുന്നു. വിജയത്തെക്കാൾ പ്രധാനം മഹാമേള അനുഭവിക്കുക എന്നതായിരുന്നു. കേട്ടറിഞ്ഞ് മാത്രമുള്ള പല കാര്യങ്ങളും നേരിൽക്കാണുമ്പോഴുള്ള കൗതുകം. 2008ൽ ഹോക്കി ടീമിന് യോഗ്യതയുണ്ടായിരുന്നില്ല. ഈ ഒരു ഇടവേള കഴിഞ്ഞാണ് ലണ്ടനിലെത്തിയത്. അങ്ങനെയൊരു പ്രധാന്യവുമുണ്ടായി.
നാല് വർഷം കഴിഞ്ഞ് റിയോയിൽ ആ മനസ്സായിരുന്നില്ല. മനസ്സ് മുഴുവൻ കളിയായിരുന്നു. ടീമിന്റെ ക്യാപ്റ്റനാകാനുള്ള ഭാഗ്യവുമുണ്ടായി. സെമിയിൽ എത്തുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, ക്വാർട്ടറിൽ നമ്മൾ പുറത്തായി. ഇത്തവണ തെറ്റില്ല.