ബെർലിൻ > രാജ്യത്ത് നൂറ്റാണ്ടിലെ വലിയ വെള്ളപ്പൊക്കമുണ്ടായ ഇടങ്ങൾ സന്ദർശിക്കവെ പൊട്ടിച്ചിരിച്ചതിന് മാപ്പുപറഞ്ഞ് ജർമൻ ചാൻസലർ സ്ഥാനാർഥി അർമിൻ ലഷെറ്റ്. പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയറിനൊപ്പം ദുരന്തം ഏറ്റവും തീവ്രമായ എർഫ്സ്റ്റെഡ് സന്ദർശിക്കവെ ശനിയാഴ്ചയായിരുന്നു ലഷെറ്റിന്റെ വിവാദമായ പൊട്ടിച്ചിരി. മാധ്യമങ്ങളോട് സംസാരിച്ചശേഷം കൂടെയുണ്ടായിരുന്ന ആളോട് തമാശ പറഞ്ഞ് ചിരിക്കുകയായിരുന്നു.
വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ നാശമുണ്ടായ നോർത്ത് റൈൻ വെസ്റ്റ്ഫാലിയ സംസ്ഥാന ഗവർണർ കൂടിയായ ഇദ്ദേഹത്തിന്റെ നടപടി ഏറെ വിമർശിക്കപ്പെട്ടു. സെപ്തംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ചാൻസലർ ആംഗല മെർക്കലിന്റെ പാർടി യൂണിയൻ ബ്ലോക്കിന്റെ സ്ഥാനാർഥിയായ ഇദ്ദേഹം മെർക്കലിന്റെ പിൻഗാമിയായാണ് ഇപ്പോഴേ കണക്കാക്കപ്പെടുന്നത്. എതിർ പാർടിക്കാർകൂടി രംഗത്തെത്തിയതോടെ ലഷെറ്റ് ട്വിറ്ററിൽ ഖേദപ്രകടനം നടത്തി.
പശ്ചിമ യൂറോപ്പിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 184 ആയി. ജർമനിയിൽമാത്രം 157 പേർ മരിച്ചു. റൈൻലൻഡ് പലാറ്റിനേറ്റിൽ മരണം 110 ആയി. ബെൽജിയത്തിൽ 27 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
റൈൻലൻഡ് പലാറ്റിനേറ്റ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജലനിരപ്പ് താഴ്ന്നെങ്കിലും കനത്ത മഴ തുടരുന്ന ജർമനിയുടെ തെക്കൻ ഭാഗങ്ങൾ ആശങ്കയേറ്റുന്നു. അപ്പർ ബവേറിയയിൽ നദികൾ കരകവിഞ്ഞു. ഒരാൾ മരിച്ചു. കിഴക്കൻ സംസ്ഥാനം സാക്സോണിയിലും സ്ഥിതി അപകടകരം. ഓസ്ട്രിയയുടെ സാൽസ്ബർഗ്, ടൈറോൾ മേഖലകളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. സ്വിറ്റ്സർലൻഡ്, നെതർലാൻഡ്സ്, ലക്സംബർഗ് എന്നിവിടങ്ങളിലും അതിതീവ്ര മഴയുണ്ടായി.
റൈൻലൻഡ് പലാറ്റിനേറ്റ് സന്ദർശിച്ച ജർമൻ ചാൻസലർ ആംഗല മെർക്കൽ ദുരന്തബാധിതർക്ക് സഹായമെത്തിക്കുമെന്ന് പ്രഖ്യാപിച്ചു. പുനർനിർമാണം എത്രയും വേഗം ആരംഭിക്കും. പ്രദേശവാസികളുമായും സംവദിച്ചു. ധനമന്ത്രി ഒലാഫ് ഷോൾസ് 30 കോടി യൂറോയുടെ (ഏകദേശം 2642 കോടി രൂപ) സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു.