തിരുവനന്തപുരം > മലയാള എഴുത്തിനെ ജനാധിപത്യവൽക്കരിക്കുന്നതിൽ പുരോഗമന കലാസാഹിത്യ പ്രസ്ഥാനം പ്രധാന പങ്കുവഹിച്ചെന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യത്തിൽ നിലനിന്നിരുന്ന സവർണാധിപത്യത്തെ പ്രസ്ഥാനം ചോദ്യം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ രാഷ്ട്ര വാദത്തിന്റെ ഈ കാലത്ത് എഴുത്തുകാരും കലാകാരന്മാരും വലിയ വെല്ലുവിളികൾ നേരിടുകയാണ്. ഈ സന്ദർഭത്തിൽ മൗനം അപകടകരമാണ്. പകരം സർഗാത്മക പ്രതിരോധ വേദികൾ ഉയർത്തിക്കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
കർഷക സമരത്തിന് ഐക്യദാർഢ്യം, ഫാദർ സ്റ്റാൻ സ്വാമി – നീതി നിഷേധത്തിന്റെ ഇര, കലാകാരന്മാരെ സഹായിക്കുക, സ്ത്രീപക്ഷ കേരളത്തിലേക്ക് ഉണരുക, ലക്ഷദ്വീപിന് ഐക്യദാർഢ്യം, മലയാള ഭാഷാ ഉപയോഗം വിപുലമാക്കുക, കൊളോണിയൽ രാജ്യ ദ്രോഹനിയമം പിൻവലിക്കുക, ഒടിടി പ്ലാറ്റ്ഫോം–-സർക്കാർ തീരുമാനത്തിന് അഭിവാദ്യങ്ങൾ, പുസ്തക പ്രസാധനം, വിതരണം എന്നിവയിൽ നേരിടുന്ന പ്രതിസന്ധികൾ തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
സംസ്ഥാന പ്രസിഡന്റ് ഷാജി എൻ കരുൺ അധ്യക്ഷനായി. പി എൻ സരസമ്മ അനുശോചന പ്രമേയം അവതരിപ്പിച്ചു. -പ്രൊഫ. വി എൻ മുരളി നീലമ്പേരൂർ അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ, സംഘടന സെക്രട്ടറി എം കെ മനോഹരൻ, ട്രഷറർ ടി ആർ അജയൻ തുടങ്ങി വിവിധ ഭാരവാഹികൾ സംസാരിച്ചു.