കൊച്ചി > ഗെയിൽ പ്രകൃതിവാതക പൈപ്പുലൈൻ പദ്ധതിയുടെ മൂന്നാംഘട്ടം ആഗസ്ത് 15നകം കമീഷൻ ചെയ്യും. സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൂന്നാംഘട്ടമായ കൊച്ചി–-പാലക്കാട് ലൈൻ കമീഷൻ ചെയ്യുന്നത്. ലൈനിൽ ഗ്യാസ് നിറച്ചുള്ള സുരക്ഷാ പരിശോധനകൾ പൂർത്തിയായി. ഇനി പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) അനുമതി മാത്രമാണ് ബാക്കിയുള്ളത്.
പെസോ പരിശോധനയ്ക്കുശേഷം അനുമതി ലഭിച്ചാൽ പൈപ്പുലൈൻ കമീഷൻ ചെയ്യും. കമീഷനിങ് കഴിഞ്ഞാൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റിഡിന്റെ (ഐഒഎജിപിഎൽ) പുതുശേരിയിലെ വിതരണ കേന്ദ്രത്തിലേക്ക് ഗ്യാസ് എത്തിച്ചുകൊടുക്കും. ഇവിടെനിന്ന് പാലക്കാട് നഗരത്തിലേക്ക് ഗ്യാസ് എത്തിക്കുക ഐഒഎജിപിഎല്ലാണ്.
പാലക്കാട്–-കൂറ്റനാടുമുതൽ വാളയാർവരെ നീളുന്ന പൈപ്പുലൈനിന്റെ (94 കിലോമീറ്റർ) നിർമാണം ഏപ്രിലിൽ പൂർത്തിയായിരുന്നു. ഗ്യാസ് പ്രവാഹം നിയന്ത്രിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. ഇനി കണക്ഷൻ നൽകുന്ന ജോലികൾ മാത്രമാണ് ബാക്കിയുള്ളത്.
വാളയാറിൽനിന്ന് കോയമ്പത്തൂരിലേക്ക് ഗ്യാസ് എത്തിക്കുന്ന പൈപ്പുലൈൻ നിർമാണ ജോലികൾ അവസാനഘട്ടത്തിലാണ്. 12 കിലോമീറ്ററുള്ള പൈപ്പുലൈനിന്റെ അഞ്ച് കിലോമീറ്റർ കേരളത്തിലാണ്. തമിഴ്നാട്ടിലുള്ള ഏഴു കിലോമീറ്ററിൽ ഒരു കിലോമീറ്റർ മാത്രമാണ് ഇനി പൂർത്തിയാക്കാനുള്ളത്. കോയമ്പത്തൂരിലേക്കുള്ള ഗ്യാസ് വിതരണം ഇന്ത്യൻ ഓയിൽ കോർപറേഷൻ നിർവഹിക്കും.
കൊച്ചിയിലെ വ്യവസായശാലകൾക്ക് പ്രകൃതിവാതകം കൊടുക്കുന്ന പൈപ്പുലൈൻ വിന്യാസമായിരുന്നു പദ്ധതിയുടെ ആദ്യഘട്ടം. ഇത് 2013 ആഗസ്ത് 25ന് കമീഷൻ ചെയ്തു. രണ്ടാംഘട്ടമായ കൊച്ചി–-മംഗളൂരു ലൈൻ ജനുവരി അഞ്ചിന് നാടിന് സമർപ്പിച്ചു. ഗെയിൽ പൈപ്പുലൈൻ കേരളത്തിലൂടെ പോകുന്നത് 510 കിലോമീറ്ററാണ്.
മൂന്നാംഘട്ടം പൂർത്തിയാകുന്നതോടെ വീടുകളിലും വ്യവസായസ്ഥാപനങ്ങളിലും പൈപ്ഡ് നാച്വറൽ ഗ്യാസും (പിഎൻജി) പമ്പുകളിലൂടെ കംപ്രസ്ഡ് നാച്വറൽ ഗ്യാസും (സിഎൻജി) വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ് പദ്ധതി കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാകും. സ്ഥലം ഏറ്റെടുക്കൽ, നഷ്ടപരിഹാര പാക്കേജ് എന്നിങ്ങനെ എല്ലാം ഒന്നിൽനിന്ന് തുടങ്ങിയാണ് 2016ൽ അധികാരത്തിലേറിയ പിണറായി സർക്കാർ പദ്ധതി യാഥാർഥ്യമാക്കിയത്.