തിരുവനന്തപുരം
ന്യൂനപക്ഷ സ്കോളർഷിപ്പിൽ കോൺഗ്രസും മുസ്ലിംലീഗും നേർക്കുനേർ ഏറ്റുമുട്ടിയതോടെ യുഡിഎഫിലെ ഭിന്നത മറനീക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുസ്ലിംലീഗ് നേതാക്കളുമാണ് തർക്കം തുടങ്ങിയത്. ജനസംഖ്യാനുപാതികമായി സ്കോളർഷിപ് പുനഃക്രമീകരിച്ചതിലൂടെ മുസ്ലിം സമുദായത്തിന് ഒരാനുകൂല്യവും നഷ്ടമായില്ലെന്ന സതീശന്റ വാദം പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ചോദ്യം ചെയ്തു. ലീഗ് നിലപാട് കടുപ്പിച്ചതോടെ ഒന്നരമണിക്കൂറിനുശേഷം സതീശൻ മലക്കംമറിഞ്ഞു. മുസ്ലിം സമുദായത്തിനുമാത്രമായുള്ള ഒരു പദ്ധതി നഷ്ടമായെന്നാണ് താൻ ഉദ്ദേശിച്ചതെന്നും തന്റെ അഭിപ്രായം മനസ്സിലാക്കാതെയാണ് ലീഗ് പ്രതികരണമെന്നുമായി സതീശൻ.
സർക്കാരിനെതിരെ തിരിഞ്ഞവർ പരസ്പരം പൊരുതുന്ന കാഴ്ചയാണ് യുഡിഎഫിൽ. തർക്കം രൂക്ഷമായിട്ടും കേരള കോൺഗ്രസ് നേതാക്കൾ വിവാദത്തിൽ കക്ഷിചേർന്നില്ല. പ്രതിപക്ഷ നേതാവിന്റെ വാദം തള്ളി ലീഗ് ആഞ്ഞടിച്ചിട്ടും കോൺഗ്രസ് നേതൃത്വം മൗനം തുടർന്നു. സ്കോളർഷിപ് പ്രശ്നത്തിൽ കരുതലോടെ നീങ്ങാനുള്ള യുഡിഎഫ് നേതൃത്വത്തിന്റെ ധാരണയാണ് പൊളിഞ്ഞത്. ലീഗിന്റെ പരാതി യുഡിഎഫ് പരിഗണിക്കുമെന്ന് സതീശൻ പറഞ്ഞിട്ടുണ്ടെങ്കിലും കോൺഗ്രസും ലീഗും രണ്ട് ധ്രുവത്തിലാണെന്ന് വ്യക്തമായി.
സതീശനാണ് ശനിയാഴ്ച തർക്കത്തിന് തുടക്കമിട്ടത്. സ്കോളർഷിപ് അനുപാതം മാറ്റിയ സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു. യുഡിഎഫ് മുന്നോട്ടുവച്ച നിർദേശങ്ങളിൽ ഭൂരിപക്ഷവും സർക്കാർ അംഗീകരിച്ചെന്നും തങ്ങൾ ഒറ്റക്കെട്ടായാണ് നിലപാട് എടുത്തതെന്നും സതീശൻ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ചശേഷമാണ് നിലപാട് എടുത്തതെന്നും പ്രതിപക്ഷ നേതാവ് തുറന്നുപറഞ്ഞു. ഇതോടെ മുസ്ലിംലീഗ് നേതൃത്വം വെട്ടിലായി. സ്കോളർഷിപ് പ്രശ്നം സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാനുള്ള ലീഗ് നീക്കത്തിന് തിരിച്ചടിയായി.
സതീശന്റെ നിലപാട് ചോദ്യംചെയ്ത് ഇ ടി മുഹമ്മദ് ബഷീറാണ് ആദ്യം രംഗത്തുവന്നത്. സതീശൻ പറഞ്ഞത് ശരിയല്ലെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ടു. പിറകെ പി കെ കുഞ്ഞാലിക്കുട്ടി അടക്കം ലീഗ് നേതാക്കൾ കൂട്ടത്തോടെ രംഗത്തിറങ്ങി. ലീഗ് നേതാക്കളും പ്രതിപക്ഷ നേതാവും മുഖാമുഖം നിരന്നതോടെ പ്രതിസന്ധി കടുത്തു. വിഷയത്തിൽ കഴിഞ്ഞ ദിവസം ഒരുമിച്ച കോൺഗ്രസും മുസ്ലിംലീഗും ഇപ്പോൾ പരസ്പരം പോരിനിറങ്ങിയിരിക്കുകയാണ്.
മുസ്ലിം ലീഗ് ഒറ്റപ്പെടുന്നു
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ കോൺഗ്രസും കൈവിടുന്നതായി മുസ്ലിം ലീഗിന് ആശങ്ക. തിരുത്തലാവശ്യപ്പെട്ട് ലീഗ് നേതൃത്വം കോൺഗ്രസിനുമേൽ കനത്ത സമ്മർദവും തുടങ്ങി. സർക്കാർ തീരുമാനത്തെ സ്വാഗതംചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മണിക്കൂറുകൾക്കകം മലക്കം മറിഞ്ഞത് ഈ ഇടപെടലിലാണെന്നാണ് സൂചന. എന്നാൽ ലീഗ് നിലപാട് അംഗീകരിക്കാൻ ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളും തയ്യാറല്ല.
കേരളാ കോൺഗ്രസ് (ജോസഫ്)വിഭാഗവും ക്രൈസ്തവ സമുദായ നേതൃത്വവും പറയുന്ന നയം കോൺഗ്രസ് സ്വീകരിക്കുന്നതായാണ് ലീഗിന്റെ പരാതി. വിഷയത്തിൽ യുഡിഎഫ് നിർദേശം സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെയും കോൺഗ്രസിന്റെയും സമീപനം. ചില വിയോജിപ്പുകൾ തുറന്നുപറയുകയും ചെയ്യുന്നു. ലീഗ് നിലപാട് സർക്കാർ തീരുമാനം പൂർണമായി തള്ളണമെന്നാണ്.
ഹൈക്കോടതി വിധിയെതുടർന്നാണ് സർക്കാർ തീരുമാനമെന്നത് ലീഗ് മറച്ചുവയ്ക്കുന്നു. സാമൂഹികാവസ്ഥ അംഗീകരിക്കണമെന്ന വികാരമാണ് കോൺഗ്രസിലുള്ളത്. ലീഗിന് അടിപ്പെട്ട് നയം മാറ്റരുതെന്ന വാദവും ശക്തം. തെരഞ്ഞെടുപ്പിൽ ലീഗിന് കീഴടങ്ങി ജമാഅത്തെ ഇസ്ലാമിയുമായി ചേർന്നതിലുള്ള തിരിച്ചടിയടക്കം കോൺഗ്രസിൽ ഒരുവിഭാഗം ഓർമിപ്പിക്കുന്നു. കേരളാ കോൺഗ്രസ്(ജോസഫ്) ഗ്രൂപ്പിന്റെ പിന്തുണയും ലീഗിനില്ല. ഫലത്തിൽ സാമുദായിക അജൻഡ സ്വീകരിച്ച ലീഗ് യുഡിഎഫിലും ഒറ്റപ്പെടുകയാണ്.
“യുഡിഎഫിൽ ചർച്ച ചെയ്യണം’
ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട വിഷയം യുഡിഎഫ് ചർച്ച ചെയ്യണമെന്ന് മുസ്ലിംലീഗ്. ലീഗിന് ഈ വിഷയത്തിൽ ശക്തമായ നിലപാടുണ്ട്. യുഡിഎഫിലും നിയമസഭയിലും ഇത് ഉയർത്തിപ്പിടിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഭിന്നാഭിപ്രായമുണ്ടെങ്കിൽ അദ്ദേഹമാണ് വ്യക്തമാക്കേണ്ടത്. നിലവിൽ ലഭിക്കുന്ന എല്ലാവർക്കും ആനുകൂല്യം ഉറപ്പാക്കുമെന്ന സർക്കാർ വാദം നിലനിൽക്കില്ല. മറ്റ് മതവിഭാഗങ്ങളുടെ വിഷയം വേറെ പദ്ധതി തയ്യാറാക്കി പരിഹരിക്കണമെന്നാണ് ലീഗ് നിലപാടെന്നും ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിഷയത്തിൽ കോൺഗ്രസിൽ അഭിപ്രായവ്യത്യാസമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ നേതാക്കൾ തയ്യാറായില്ല.
മുസ്ലിംലീഗ് നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം കോഴിക്കോട്ട് പറഞ്ഞു. ഇക്കാര്യം യുഡിഎഫിൽ വ്യക്തമാക്കിയതാണ്. ബലി പെരുന്നാളിനുശേഷം സംസ്ഥാന പ്രവർത്തകസമിതി ചേർന്ന് തുടർപ്രവർത്തനം തീരുമാനിക്കുമെന്നും പി എം എ സലാം ‘ദേശാഭിമാനി’യോട് പറഞ്ഞു. ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് മുസ്ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി. അദ്ദേഹം അത്തരം പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിൽ തെറ്റാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.