തൃശൂർ
കൊടകര കുഴൽപ്പണക്കവർച്ചാ കേസിലെ ബിജെപി ബന്ധം കോടതിയിൽ വ്യക്തമാക്കി പ്രത്യേക അന്വേഷകസംഘം. ഇരിങ്ങാലക്കുട മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ബിജെപി നേതാക്കളുടെ കേസുമായുള്ള ബന്ധം വ്യക്തമാക്കിയത്. പൊലീസ് പിടിച്ചെടുത്ത പണം വിട്ടുകിട്ടാൻ കുഴൽപ്പണ ഇടനിലക്കാരൻ ധർമരാജൻ നൽകിയ ക്ലെയിം പെറ്റീഷനെ എതിർത്താണ് പ്രത്യേക അന്വേഷകസംഘം റിപ്പോർട്ട് സമർപ്പിച്ചത്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കേരള ഘടകം കർണാടകത്തിൽനിന്ന് ഇറക്കിയ ഹവാല പണമാണ് തട്ടിയെടുത്തതെന്നാണ് റിപ്പോർട്ടിലുള്ളത്. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവരുടെ നിർദേശപ്രകാരം ധർമരാജൻവഴി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയ്ക്ക് കൈമാറാനുള്ള പണമാണ് തട്ടിയെടുത്തത്. കവർച്ചയ്ക്കുശേഷം ജില്ലാ ട്രഷറർ സുജയ് സേനൻ, മേഖലാ സെക്രട്ടറി കാശിനാഥൻ എന്നിവർ ധർമരാജനെയും പ്രതി റഷീദിനെയും ബിജെപി ജില്ലാ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ അനീഷ്കുമാർ കേസിലെ നാലാം പ്രതി ദീപക്കിനെ ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ധർമരാജൻ ഉന്നത ബിജെപി നേതാക്കളെ വിളിച്ചതിനുള്ള തെളിവും പൊലീസ് പക്കലുണ്ട്. അക്കൂട്ടത്തിൽ ഒരാളായ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അന്വേഷകസംഘം രണ്ട് മണിക്കൂർ ചോദ്യംചെയ്തിരുന്നു. കേസിൽ പ്രതികളുടെ ജാമ്യഹർജിയെ എതിർത്ത് അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടിലും ബിജെപി ബന്ധം സൂചിപ്പിക്കുന്നു. ഇതോടെ പ്രതികളുടെ ജാമ്യം ഹൈക്കോടതി തള്ളുകയും പണത്തിന്റെ ഉറവിടം കണ്ടെത്താൻ നിർദേശിക്കുകയും ചെയ്തു. കേസിന്റെ വിശദ റിപ്പോർട്ട് ഇഡിക്കും ആദായനികുതി വകുപ്പിനും ഉടൻ കൈമാറും. 23ന് സമർപ്പിക്കുന്ന കുറ്റപത്രത്തിൽ ഈ വിവരങ്ങളെല്ലാം ഉണ്ടാകും. കേസിൽ 22 പേരാണ് അറസ്റ്റിലായത്.