തിരുവനന്തപുരം
ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അതീവജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദങ്ങൾ കേരളത്തിൽ മഴ ശക്തമാക്കും. കേന്ദ്ര കാലാവസ്ഥാവകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ന്യൂനമർദ രൂപീകരണം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വരുംദിവസങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഗൗരവത്തോടെ കാണണം. തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
അടുത്ത അഞ്ച് ദിവസവും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ പ്രവചനം. ശക്തമായ മഴയത്തും ആളുകൾ ജലാശയങ്ങളിൽ ഇറങ്ങുന്നതിനാൽ അപകടങ്ങളിൽ പെടുന്നുണ്ട്. മലയോരമേഖലകളിൽ കനത്ത മഴ പെയ്യുന്നുണ്ട്. നദികളിൽ ഒഴുക്ക് ശക്തമായിരിക്കും. പുഴകളിലും ജലാശയങ്ങളിലും കുളിക്കാനും മറ്റുമായി ഇറങ്ങുന്നത് ഒഴിവാക്കണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്. ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും സർക്കാർ സംവിധാനങ്ങളും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.