കരിപ്പൂർ
രാമനാട്ടുകര അപകടത്തിൽ മരിച്ചവരുൾപ്പെട്ട സ്വർണക്കവർച്ചാ കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ. കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശികളായ നാലാംകണ്ടത്തിൽ അലി അസ്കർ ബാബു (44), ഉണ്ണാൽപറമ്പ് കുമ്മാളി അമീർ (42) എന്നിവരെയാണ് ഡിവൈഎസ്പി കെ അഷറഫിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം പിടിയിലായ മുഖ്യപ്രതി സജിമോന്റെ ഡ്രൈവറും വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണക്കടത്തിന് ഒത്താശചെയ്യുന്ന സംഘത്തിലെ കണ്ണിയുമാണ് അസ്കർ. സംഭവദിവസം കവർച്ചാ സംഘങ്ങൾക്ക് സഹായങ്ങൾ ചെയ്തുകൊടുത്തത് ഇവരാണെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഗൾഫിൽനിന്ന് സ്വർണവുമായി വരുന്നയാളുടെയും അർജുൻ ആയങ്കി എയർപോർട്ടിൽ നിൽക്കുന്നതിന്റെയും ഫോട്ടോകൾ സജിമോൻ അമീറിന് അയച്ചുനൽകിയതായും കണ്ടെത്തി. അതുപ്രകാരമാണ് അർജുൻ ആയങ്കി കാറിൽ കയറിപ്പോകുന്ന വിവരം സജിമോൻ അറിഞ്ഞത്. തുടർന്നാണ് മറ്റ് സംഘാംഗങ്ങൾ വാഹനത്തെ പിന്തുടരുന്നതും അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നതും.
കരിപ്പൂർ കേന്ദ്രീകരിച്ച് ടാക്സി ഡ്രൈവറായി ജോലിചെയ്യുന്ന അസ്കർ വിമാനത്താവളത്തിൽനിന്ന് സ്വർണവുമായി എത്തുന്നവരെ പുറത്തെത്തിച്ച് വാങ്ങാനെത്തുന്നവർക്ക് കൈമാറുകയും സ്വർണം സുരക്ഷിതസ്ഥലത്ത് എത്തിച്ചുകൊടുക്കാറുമുണ്ട്. അത്തരത്തിൽ കൊടുവള്ളി, -താമരശേരി ഭാഗത്തുള്ള സ്വർണക്കടത്തുകാരുമായി ഇയാൾക്ക് നല്ല ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നു.
അപകടദിവസം സജിമോനോടൊപ്പം രാമനാട്ടുകരയെത്തിയ അസ്കർ വിവരങ്ങൾ ഗൾഫിലേക്ക് കൈമാറി. വിമാനത്താവളത്തിൽനിന്ന് സഹായം നൽകുന്ന ഉദ്യോഗസ്ഥരെക്കുറിച്ചും ഇയാൾ സൂചനനൽകി. ഇതോടെ കേസിൽ 23പേർ അറസ്റ്റിലായി. ടിപ്പർ ലോറിയടക്കം 12ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ പ്രതികളെ റിമാന്ഡ് ചെയ്തു.