മംഗളൂരു
മംഗളൂരുവിൽ റെയിൽപാളത്തിലേക്ക് മണ്ണിടിഞ്ഞ് കൊങ്കൺ പാതയിലെ ട്രെയിൻ ഗതാഗതം മുടങ്ങിയത് ഞായറാഴ്ച പുലർച്ചയോടെ പുനഃസ്ഥാപിച്ചേക്കും. മഴ തുടരുന്നുണ്ടെങ്കിലും മണ്ണുനീക്കൽ ശനിയാഴ്ച രാത്രി വൈകിയും തുടർന്നു. ഞായറാഴ്ച പുലർച്ചയോടെ പരീക്ഷണ ട്രെയിൻ കടത്തിവിടാനാണ് അധികൃതർ ആലോചിക്കുന്നത്.
പാളത്തിൽനിന്ന് മണ്ണ് പൂർണമായും നീക്കിയശേഷം വൈദ്യുതിലൈനിന്റെയും കേബിളിന്റെയും കേടുപാട് പരിഹരിക്കണം. ഞായറാഴ്ച പുലർച്ചെ നാലോടെ ചരക്കുവണ്ടി ഓടിക്കുമെന്ന് റെയിൽവേ അറിയിച്ചു. തുടർന്ന് രാവിലെ എട്ടൊടെ യാത്രക്കാരുമായി പാസഞ്ചർ വണ്ടിയും കടത്തിവിടും. പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പുചെയ്ത് സ്ഥിതി വിലയിരുത്തുന്നുണ്ട്. എൺപതോളം ജീവനക്കാർ 35 മണിക്കൂറിലധികം പണിയെടുത്താണ് പാത ഗതാഗതയോഗ്യമാക്കുന്നത്.
മംഗളൂരു ജങ്ഷനും തോക്കൂറിനും ഇടയിൽ കുലശേഖര തുരങ്കത്തിനുസമീപം വെള്ളിയാഴ്ച രാവിലെയാണ് മണ്ണിടിഞ്ഞത്. 50 മീറ്ററോളം പാളം പൂർണമായും മണ്ണിനടിയിലായിരുന്നു.