മനാമ
യുഎഇ തലസ്ഥാനമായ അബുദാബിയിൽ രാത്രി 12 മുതൽ പുലർച്ചെ അഞ്ചുവരെ രാത്രികാലകർഫ്യൂ. കർഫ്യൂവിൽ എല്ലാ യാത്രയും നിരോധിച്ചു. യുഎഇയിൽ ബലിപെരുന്നാൾ അവധി ആരംഭിക്കുന്ന തിങ്കളാഴ്ച മുതലാണ് കർഫ്യൂ നിലവിൽ വരുന്നത്. 22 വരെയാണ് പെരുന്നാൾ അവധിയെങ്കിലും എത്ര ദിവസത്തേക്കാണ് നിയന്ത്രണമെന്ന് വ്യക്തമാക്കിയിട്ടില്ല. അവശ്യ ഭക്ഷ്യവസ്തുക്കളും മരുന്നുകളും വാങ്ങാൻമാത്രം പുറത്തിറങ്ങാം. ദേശീയ അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായാണ് കർഫ്യൂവെന്ന് അധികൃതർ അറിയിച്ചു.
യാത്രയ്ക്ക് അബുദാബി പൊലീസിന്റെ വെബ്സൈറ്റ് വഴി മുൻകൂർ അനുമതി നേടണം. പെരുന്നാൾ അവധിയിൽ സാമൂഹ്യ ഒത്തുചേരലുകൾ ഒഴിവാക്കി, വെർച്വൽ കൂടിക്കാഴ്ച നടത്തണമെന്നും അബുദാബി ആരോഗ്യ വകുപ്പ് ആഹ്വാനം ചെയ്തു. ഷോപ്പിങ് മാളുകളിൽ ശേഷിയുടെ 40 ശതമാനം പേർക്കും സിനിമാശാലകളിൽ 30 ശതമാനം പേർക്കും പ്രവേശനമുണ്ട്. ബസുകളിലും ബോട്ടുകളിലും അമ്പത് ശതമാനം യാത്രക്കാരാവാം. ടാക്സികളിൽ മൂന്ന് പേർമാത്രം.
മറ്റ് എമിറേറ്റുകളിൽനിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർ 24 മണിക്കൂറിനുള്ളിൽ ഡിപിഐ പരിശോധനയോ 48 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധയോ നടത്തണം. അബുദാബിയിൽ മൂന്ന്, നാല് ദിവസങ്ങളിൽ ഇവർക്ക് സമാനമായ പരിശോധന ഉണ്ടാകും. വാക്സിൻ സ്വീകരിച്ചവർക്കും അല്ലാത്തവർക്കും ഇത് ബാധകം.