തിരുവനന്തപുരം: മരംമുറി വിവാദത്തിൽ ആരോപണ വിധേയനായ ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി സാജനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ. പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള വനംവകുപ്പിന്റെ ശുപാർശ ചീഫ് സെക്രട്ടറിക്ക് കൈമാറി.
മരംമുറി വിഷയത്തിൽ അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചു, ഉദ്യോഗസ്ഥരെ കുടുക്കാൻ ശ്രമിച്ചു എന്നിങ്ങനെയുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് എൻ.ടി സാജനെ സസ്പെൻഡ് ചെയ്യാൻ വനം വകുപ്പ് സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തത്. വിഷയത്തിൽ അന്തിമ നടപടി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്. സർക്കാർ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
മുട്ടിൽ മരംമുറി വിവാദം ഉയർന്നുവന്ന സമയത്ത് മുഴുവൻ പ്രതിസ്ഥാനത്ത് എൻ.ടി സാജന്റെ പേര് ഉയർന്നു വന്നിരുന്നു. എന്നാൽ അന്വേഷണങ്ങൾ പൂർത്തിയായ ശേഷമേ നടപടി എടുക്കാൻ സാധിക്കൂ എന്നതായിരുന്നു വനംവകുപ്പിന്റെ ആദ്യ നിലപാട്. എന്നാൽ വനംവകുപ്പ് തന്നെ നടത്തിയ അന്വേഷണത്തിൽ സാജനെതിരെ കണ്ടെത്തലുകൾ ഉണ്ടായി.
റേഞ്ച് ഓഫീസറായിരുന്ന ഷമീറിനെ അടക്കം കേസിൽ കുടുക്കാൻ സാജൻ ശ്രമിച്ചെന്ന കണ്ടെത്തലും ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സാജനെ സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ.
Content Highlights:Muttil tree felling case: forest department to suspend Forest conservator