തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദത്തിൽ വീണ്ടും വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഷയത്തിൽ അഭിപ്രായം മാറ്റേണ്ട ആവശ്യമില്ലെന്നും സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള സ്കോളർഷിപ്പ് നിലനിർത്തണമെന്ന് തന്നെയാണ് നിലപാടെന്നും സതീശൻ വ്യക്തമാക്കി. മാധ്യമങ്ങൾതന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സച്ചാർ കമ്മിറ്റി റിപ്പോർട്ട് അതുപോലെ നടപ്പാക്കണമെന്നും അതോടൊപ്പം മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കും സ്കോളർഷിപ്പ്വേണമെന്നുമുള്ള ആവശ്യമാണ് യുഡിഎഫ് ഉന്നയിച്ചത്. ഇതിൽ പകുതിയാണ് സർക്കാർ അംഗീകരിച്ചത്. ഇക്കാര്യമാണ് കാസർകോട്ടും കോട്ടയത്തും മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മാധ്യമങ്ങൾ ഇത് തെറ്റായി വ്യാഖ്യാനിച്ചു. ലീഗും കോൺഗ്രസും തമ്മിൽ ഭിന്നതയുണ്ടെന്ന് പ്രചരിപ്പിച്ചു. എന്നാൽ ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള സ്കോളർഷിപ്പ് മുസ്ലീംങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക സ്കീമാണ്. ഇത് നിലനിർത്തണമെന്ന ആവശ്യമാണ് യുഡിഎഫ് ഉന്നയിച്ചത്. മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള സ്കോളർഷിപ്പുകൾ നടപ്പാക്കാൻ തീരുമാനമുണ്ടാകണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ഭാഗം അംഗീകരിക്കുകയും എന്നാൽ സച്ചാർ കമ്മിറ്റിയുടെ കാര്യം സർക്കാർ അംഗീകരിക്കാതിരിക്കുകയും ചെയ്ത കാര്യമാണ് നേരത്തെ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
content highlights:vd satheesan explanation in minority scholarship controversy