കോഴിക്കോട് > അനധികൃതമായി നിര്മിച്ച ആഡംബര വീടിന്റെ അനുമതിക്കായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി പുതിയ ‘അവകാശികളു’മായെത്തിയിട്ടും നിയമക്കുരുക്ക് ഒഴിയുന്നില്ല. നിര്മാണ അനുമതിക്കും പൂര്ത്തീകരണ സര്ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷകളില് ഇല്ലാത്ത രണ്ടുപേര് പുതുതായി വന്നതാണ് ഷാജിക്ക് മുന്നിലെ പുതിയ കുരുക്ക്. ഇക്കാര്യത്തില് നിയമോപദേശം തേടാന് കോര്പറേഷന് തീരുമാനിച്ചു.
ഭാര്യ ആശയുടെ പേരിലാണ് ഷാജി അനധികൃത വീടുണ്ടാക്കിയത്. വീടുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളൂം ആശയുടെ പേരിലാണ്. അനുവദിച്ചതിലധികം വിസ്തീര്ണത്തില് വീടുണ്ടാക്കിയതോടെയാണ് ഉടമസ്ഥാവകാശ സര്ട്ടിഫിക്കറ്റ് കോര്പറേഷന് നിഷേധിച്ചത്. തുടര്ന്ന് അളവ് ക്രമീകരിച്ച് പുതുക്കിയ അപേക്ഷ നല്കി . ഇതിലാണ് അലിഅക്ബര്, അഫ്സ എന്നീ രണ്ട് പുതിയ പേരുകള് ഉള്പ്പെട്ടത്. വീടിന്റെ ഉടമസ്ഥാവകാശത്തിലേക്ക് പുതിയ രണ്ടാളുകള് വന്നതാണ് സംശയത്തിന് ഇടവരുത്തിയത്.
കെ എം ആശ, അലി അക്ബര്, അഫ്സ എന്നിവരുടെ പേരിലുള്ള 88 സെന്റ് സ്ഥലം ഒരുമിച്ചുള്ളതാണ്. ഇതില് ആദ്യ പ്ലോട്ടിലാണ് ഷാജി വീട് നിര്മിച്ചത്. മറ്റ് രണ്ടാളുകളുടെ പേരിലുള്ള സ്ഥലത്തേയ്ക്കുള്ള വഴിയടച്ചാണ് ഷാജിയുടെ വീടിന്റെ ചുറ്റുമതില് നിര്മിച്ചത്. ഇക്കാര്യം കോര്പറേഷന് ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇവരെക്കൂടി ഉള്പ്പെടുത്തി അപേക്ഷ നല്കിയത്.
നേരത്തെ നല്കിയ അപേക്ഷയില് പുതുതായി രണ്ടുപേര് കൂടി വന്നതില് അസ്വാഭാവികതയുള്ളതിനാലാണ് നിയമോപദേശം തേടാന് കോര്പറേഷന് തീരുമാനിച്ചത്.
വിജിലന്സ് വിശദീകരണംതേടി
ഷാജിയുടെ ആഡംബര വീടിന് പുതിയ അവകാശികളെത്തിയതില് വിജിലന്സ് അന്വേഷണ സംഘം കോര്പറേഷന് അധികൃതരോട് വിശദീകരണം തേടി . പുതിയ അപേക്ഷകര് ആരെന്നും വിശദാംശങ്ങളും ആവശ്യപ്പെട്ട് കത്ത് നല്കി.