ന്യൂഡൽഹി
പുലിറ്റ്സർ ജേതാവായ ഇന്ത്യൻ ഫോട്ടോജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖി താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അഫ്ഗാൻ സൈന്യത്തിനൊപ്പം സൈനിക നീക്കങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിനിടെ പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള സ്പിൻ ബൊൾഡക് പട്ടണത്തിലാണ് സിദ്ദിഖിക്ക് വെടിയേറ്റത്. മുതിർന്ന സൈനിക ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.
ഏറ്റുമുട്ടൽ ചിത്രങ്ങൾ പകർത്താൻ കഴിഞ്ഞ ആഴ്ചയാണ് ഡൽഹി ഓഖ്ല സ്വദേശിയായ സിദ്ദിഖി കാബൂളിലെത്തിയത്. ഷെല്ലാക്രമണത്തിൽ ചീള് തറച്ചുകയറി കെെക്ക് പരിക്കേറ്റെന്ന് രണ്ടു ദിവസംമുമ്പ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനെ അറിയിച്ചിരുന്നു. പരിക്ക് ഭേദമാകുന്നതിനിടെയാണ് വീണ്ടും സൈന്യത്തിനൊപ്പം നീങ്ങിയത്. താലിബാൻ കനത്ത ആക്രമണമാണ് നടത്തുന്നതെന്നും ഭാഗ്യംകൊണ്ടാണ് സുരക്ഷിതനായിരിക്കുന്നതെന്നും കാണ്ഡഹാറിൽനിന്നുള്ള ഏറ്റുമുട്ടൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ബുധനാഴ്ച സിദ്ദിഖി ട്വീറ്റ് ചെയ്തിരുന്നു.
മ്യാൻമറിലെ റോഹിൻഗ്യൻ അഭയാർഥികളുടെ യാതനകൾ വെളിവാക്കുന്ന ചിത്രങ്ങൾക്കാണ് സിദ്ദിഖി ഉൾപ്പെട്ട വാർത്താസംഘത്തിന് 2018ൽ പുലിറ്റ്സർ സമ്മാനം ലഭിച്ചത്. ഫോട്ടോഫീച്ചർ വിഭാഗത്തിൽ പുലിറ്റ്സർ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് റോയിട്ടേഴ്സിൽ ചീഫ് ഫോട്ടോഗ്രാഫറായ ഈ 39കാരൻ.