കൊച്ചി
കസ്റ്റംസ് പ്രിവന്റീവ് കമീഷണർ സുമിത്കുമാറിന്റെ സ്ഥാനമാറ്റം സ്വർണക്കടത്തുകേസിൽ രാഷ്ട്രീയമേലാളന്മാരുടെ ഇംഗിതത്തിന് വഴങ്ങിയതിന്റെ അപഖ്യാതിയുമായി. നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് പിടികൂടുന്നതിൽ പ്രധാനപങ്കുവഹിച്ച സുമിത്കുമാറിന് കേസന്വേഷണത്തിന്റെ തുടക്കത്തിൽ കാണിച്ച സുതാര്യത പിന്നീട് കൈമോശംവന്നു. അന്വേഷണം അതിവേഗം ലക്ഷ്യത്തിലെത്തിക്കാൻ ശ്രമിച്ച സഹപ്രവർത്തകരെപ്പോലും സംരക്ഷിക്കാനായില്ല. കേസന്വേഷണം ഒരുവർഷം പിന്നിട്ടിട്ടും മുഴുവൻ പ്രതികളെയും അറസ്റ്റുചെയ്യാനോ കുറ്റപത്രം സമർപ്പിക്കാനോ കഴിയാതെയാണ് സ്ഥാനമാറ്റം.
രഹസ്യ വിവരത്തെ പിന്തുടർന്ന് നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് പിടികൂടാനായത് സുമിത്കുമാറിന്റെ ഉറച്ച നിലപാടുമൂലമാണ്. പിന്നീട് രാഷ്ട്രീയ താൽപ്പര്യത്തോടെ കേസന്വേഷണം വഴിതിരിക്കാൻ വഴങ്ങി. കസ്റ്റംസിന്റെ അന്വേഷണം മുക്കാൽപ്പങ്കും പൂർത്തിയായ ഘട്ടത്തിൽ ജോയിന്റ് കമീഷണർ അനീഷ് പി രാജനെ നാഗ്പുരിലേക്ക് സ്ഥലംമാറ്റി. ബിജെപി നേതൃത്വം ഇടപെട്ട് നടത്തിയ സ്ഥലംമാറ്റം അന്വേഷകസംഘത്തിനും സുമിത്കുമാറിനുമുള്ള മുന്നറിയിപ്പായിരുന്നു.
ബിജെപി ബന്ധമുള്ള കസ്റ്റംസ് ക്ലിയറൻസ് ഏജന്റിലേക്കും അന്വേഷണം എത്തി. ഇതോടെ സുമിത്കുമാറിനെ ഉൾപ്പെടെ മാറ്റുമെന്ന അഭ്യൂഹവുമുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസുമായി കേസിനെ ബന്ധിപ്പിക്കാനായി പിന്നത്തെ ശ്രമം. ഡോളർക്കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും പങ്കെന്ന ‘കണ്ടെത്തലു’മായി കസ്റ്റംസ് സത്യവാങ്മൂലം കോടതിയിലെത്തി. സർക്കാരിനെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് സ്വപ്ന സുരേഷിന് വാഗ്ദാനം നൽകിയതായും വാർത്തവന്നു. പ്രധാനപ്രതികൾ ഉൾപ്പെടെ ജാമ്യം നേടുന്ന സ്ഥിതിയുമുണ്ടായി.
കേസന്വേഷണം വഴിതെറ്റിയപ്പോൾ എൽഡിഎഫ് നേതൃത്വത്തിൽ പരസ്യപ്രതിഷേധമുയർന്നു. അതിനെതിരെ സുമിത്കുമാർ പരസ്യമായി പ്രതികരിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി തനിക്കെതിരെ ആക്രമണശ്രമമുണ്ടായെന്നും അദ്ദേഹം പരാതിപ്പെട്ടു. സുമിത്കുമാറിന്റെ പരാതി കഴമ്പുള്ളതായിരുന്നില്ലെന്ന് പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞു.