തിരുവനന്തപുരം
വ്യവസായവുമായി ബന്ധപ്പെട്ട നിയമങ്ങളിലെ കാലഹരണപ്പെട്ട വകുപ്പുകളും ചട്ടങ്ങളും പരിശോധിക്കാനും പുതുക്കാനും നിർദേശം നൽകാൻ മൂന്നംഗസമിതി രൂപീകരിച്ചു. മൂന്നു മാസത്തിനകം സമിതി സർക്കാരിനു റിപ്പോർട്ട് നൽകുമെന്ന് മീറ്റ് ദ മിനിസ്റ്റർ പരിപാടിക്കുശേഷം മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ് ലീഗൽ സ്റ്റഡീസ് (ന്യുവാൽസ്) വൈസ് ചാൻസലർ ഡോ. കെ സി സണ്ണി അധ്യക്ഷനായ സമിതിയിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി നന്ദകുമാർ, നിയമപരിഷ്കരണ കമീഷൻ വൈസ് ചെയർമാൻ കെ ശശിധരൻനായർ എന്നിവരാണ് അംഗങ്ങൾ.
വ്യവസായം തുടങ്ങുന്നതും നടത്തുന്നതുമായ നിയമങ്ങളിലെ കാലഹരണപ്പെട്ടതും യുക്തിക്ക് നിരക്കാത്തതുമായ നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കുന്നത് സമിതി പരിശോധിക്കും. വ്യവസായ സമൂഹവുമായും സംരംഭകരുമായും ബന്ധപ്പെട്ടാകും നിർദേശം തയ്യാറാക്കുക. കെഎസ്ഐഡിസി പ്രവർത്തനം ഏകോപിപ്പിക്കും. നൂറുകോടിക്കു മുകളിലുള്ള നിക്ഷേപങ്ങൾക്ക് പദ്ധതി അവതരണത്തിന് മൂന്നു മാസത്തിലൊരിക്കൽ സംഗമം നടത്തും. ഉത്തരവുകളും നിയമങ്ങളും സംബന്ധിച്ച് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും അവബോധം നൽകും. വ്യവസായ എസ്റ്റേറ്റുകൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിന് പൊതുരൂപരേഖയുണ്ടാക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും പി രാജീവ് പറഞ്ഞു.
മീറ്റ് ദ മിനിസ്റ്റർ : 46 പരാതിക്ക് പരിഹാരം
സംരംഭകരുടെ പരാതി പരിഹരിക്കാൻ വ്യവസായവകുപ്പ് സംഘടിപ്പിച്ച ‘മീറ്റ് ദ മിനിസ്റ്റർ’പരിപാടിയിൽ 46 പരാതി തീർപ്പാക്കി മന്ത്രി പി രാജീവ്. സംരംഭകർ ഉന്നയിച്ച പ്രശ്നങ്ങൾക്ക് നേരിട്ട് പരിഹാരം നിർദേശിക്കുകയും അടിയന്തര നടപടിക്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. പരിഹരിക്കാൻ കഴിയാത്തവ സമയബന്ധിതമായി പരിശോധിച്ച് തീരുമാനെമെടുക്കാനും നിർദേശിച്ചു.
ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചപരിപാടിയിൽ 103 പരാതി ലഭിച്ചു. 86 എണ്ണം ഇ-മെയിലായും 17 എണ്ണം വേദിയിലും. 62 പേർ നേരിട്ട് പങ്കെടുത്തു. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട പരാതികളാണ് തീർപ്പാക്കാൻ കഴിയാതിരുന്നവയിൽ അധികവും. ഇവ ലീഡ് ബാങ്ക് പ്രതിനിധിക്ക് കൈമാറി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.
ഉന്നതതല തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ പരാതിക്കാരനുമായും ബന്ധപ്പെട്ട വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥനുമായും പ്രിൻസിപ്പൽ സെക്രട്ടറിതലത്തിൽ സംസാരിച്ച് തീരുമാനമെടുക്കും. മീറ്റ് ദ മിനിസ്റ്റർ പരിപാടിയുടെ ഭാഗമായി പുതിയ വെബ് പോർട്ടൽ തുറക്കും. ഇതോടെ ഓൺലൈനായി പരാതി സ്വീകരിക്കാനും സമയബന്ധിതവും സുതാര്യവുമായി തീരുമാനമെടുക്കാനും ആകുമെന്ന് മന്ത്രി പറഞ്ഞു.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ, വ്യവസായ വാണിജ്യ ഡയറക്ടർ എസ് ഹരികിഷോർ, ഹാൻഡ്ലൂം ഡയറക്ടർ കെ സുധീർ, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ് എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.