കൊച്ചി
ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസിൽ നിരവധി ദുരൂഹതകൾ ഉണ്ടെന്ന് ഹൈക്കോടതി. കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സാഹചര്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. കുറ്റകൃത്യത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കാണാമെന്നും കോടതി വ്യക്തമാക്കി. കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയാണ് കോടതിയുടെ നിരീക്ഷണം.
പരാതി കിട്ടി നാലാംദിവസമാണ് പൊലീസ് കേസെടുത്തത്. വാഹനം തടഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിക്കാരൻ പൊലീസിന് മൊഴി നൽകിയത്. എന്നാൽ വാഹനത്തിലുണ്ടായിരുന്നത് മൂന്നരക്കോടി രൂപയാണെന്നും മുഴുവൻ പണവും കവർന്നതായും അന്വേഷണത്തിൽ വ്യക്തമായി. പണത്തിന്റെ ഉറവിടമോ എന്ത് ആവശ്യത്തിനായി കൊണ്ടുവന്നെന്നോ ഇനിയും കണ്ടെത്താനായിട്ടില്ല. ഇക്കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. കവർച്ചയുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.