തിരുവനന്തപുരം
സംസ്ഥാനത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണച്ചന്തകൾ തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഗസ്ത് 10 മുതൽ 20 വരെയായിരിക്കും ചന്തകൾ നടത്തുക. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ചന്തകൾ ഉണ്ടാകും. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്താണ് നടത്തുക. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മിനി ഫെയറുകൾ ഉണ്ടാകും. പ്രധാന മാവേലി സ്റ്റോർ ആയിരിക്കും ഫെയറായി പ്രവർത്തിക്കുക. ഓണച്ചന്തകളിൽ പ്രദേശിക കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ഇടം നൽകും. നേന്ത്രക്കുലകളും പച്ചക്കറികളും സംസ്ഥാനത്തെ കർഷക സംഘങ്ങളിൽനിന്നാണ് വാങ്ങുക.
കർഷകരുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സംഘങ്ങളുടെയും അഭ്യർഥന പരിഗണിച്ച് അവരുടെ ഉൽപ്പന്നങ്ങൾ ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏലക്ക, നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്കലരി, ശർക്കരവരട്ടി എന്നിവ ഇപ്രകാരമാണ് ഉൾപ്പെടുത്തിയത്. കിറ്റ് നൽകാനുള്ള സഞ്ചി കുടുംബശ്രീ ഉൾപ്പെടെയുള്ള കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ, സ്വയംതൊഴിൽ സംഘങ്ങൾ എന്നിവയിൽ നിന്നാണ് വാങ്ങുക. ഓണക്കിറ്റിന് 500 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ ഓണക്കിറ്റിൽ 12 ഇനമാണ് നൽകിയത്. ഇത്തവണ 17 ഇനമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടനത്തിന് ഒരുങ്ങി
26 മാവേലി സ്റ്റോർ
ജൂലൈ മുതൽ സെപ്തംബർവരെ വിവിധ ജില്ലകളിലായി 26 മാവേലി സ്റ്റോർ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. തിരുവനന്തപുരത്ത് 17, കോട്ടയത്ത് നാല്, എറണാകുളത്ത് മൂന്ന്, കോഴിക്കോട് രണ്ട് എന്നിങ്ങനെയാണ് പുതിയ മാവേലിസ്റ്റോറുകൾ. പാലക്കാട്ടെ ആറ് മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റായി ഉയർത്തുന്ന നടപടി പൂർത്തിയായി.
അളവ് തൂക്ക വകുപ്പിന്റെ കോട്ടയം, കാസർകോട് ജില്ലാ ഓഫീസുകൾക്ക് സ്ഥലം കണ്ടെത്തി നിർമാണ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടയത്ത് ഓഫീസ് നിർമാണ പ്രവർത്തനം 19നും കാസർകോട്ട് 22നും ആരംഭിക്കും. വയനാട്, പാലക്കാട് ജില്ലകളിൽ ഓഫീസിന് സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അനർഹർ തിരിച്ചേൽപ്പിച്ചത്
1.15 ലക്ഷം മുൻഗണനാ കാർഡ്
റേഷൻ മുൻഗണനാപട്ടികയുടെ ശുദ്ധീകരണത്തിന്റെ ഭാഗമായി സ്വമേധയാ അനർഹ മുൻഗണനാ റേഷൻ കാർഡുകൾ തിരികെ നൽകാൻ അവസരമൊരുക്കിയപ്പോൾ തിരിച്ചേൽപ്പിച്ചത്1,15,858 കാർഡ്. തിരികെനൽകിയതിൽ എഎവൈ വിഭാഗത്തിൽ 9284 , പിഎച്ച്എച്ച് വിഭാഗത്തിൽ 61612, എൻപിഎസ് വിഭാഗത്തിൽ 44962 കാർഡ് ഉൾപ്പെടുന്നു.
എറ്റവും കൂടുതൽ കാർഡുകൾ തിരിച്ചേൽപ്പിച്ചത് മലപ്പുറം ജില്ലയിലാണ്,- 25,021 എണ്ണം. രണ്ടാമത് പാലക്കാട് (13,038) ജില്ലയാണ്. എറണാകുളത്തും കോഴിക്കോട്ടും 10,000ന് മുകളിൽ കാർഡുകൾ തിരിച്ചേൽപ്പിച്ചിട്ടുണ്ട്. അനർഹർ മാറിയ ഒഴിവിൽ അർഹരെ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. 1,54,80,000 ആണ് കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള മുൻഗണനാ ഗുണഭോക്താക്കളുടെ ക്വോട്ട. ഇത് വർധിപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ചവർക്ക് പിഴയോ ശിക്ഷയോ കൂടാതെ സ്വമേധയാ സറണ്ടർ ചെയ്യാനുള്ള അവസരമാണ് 15 വരെ നൽകിയത്. തുടർന്നും അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വയ്ക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.