ഇന്ന് ഒരു ഒളിമ്പിക്സിന് യോഗ്യത നേടാൻ താരങ്ങൾ കഷ്ടപ്പെടുമ്പോൾ നാല് ഒളിമ്പിക്സിൽ പങ്കെടുക്കാൻ കഴിഞ്ഞത് മഹാഭാഗ്യവും വലിയ നേട്ടവുമായി കരുതുന്നു. 1984 ലോസ് ഏഞ്ചൽസ്, 1988 സോൾ, 1992 ബാഴ്സലോണ, 1996 അത്ലാന്റാ ഒളിമ്പിക്സുകളിൽ പങ്കെടുക്കാൻ കഴിഞ്ഞു.ആദ്യ ഒളിമ്പിക്സായ 1984 ലോസ് ഏഞ്ചൽസ് ഇന്നും മറക്കാൻ കഴിയാത്ത അനുഭവമാണ്. 18 വയസ്സ് മാത്രമായിരുന്നു അന്ന് പ്രായം. അത്ഭുതലോകത്ത് എത്തിയ കുട്ടിയുടെ അവസ്ഥയായിരുന്നു. 800 മീറ്ററിന്റെ സെമി ഫൈനലിൽ എത്തി. ദേശീയ റെക്കോഡ് തകർത്ത പ്രകടനമാണ് നടത്തിയത്.
ഒളിമ്പിക്സിൽ സെമി ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതയാകാൻ കഴിഞ്ഞത് വലിയ നേട്ടമായി. 800 മീറ്ററിന്റെ ഫൈനലിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞില്ല. പി ടി ഉഷയും എം ഡി വത്സമ്മയും വന്ദനാ റാവുവും ഞാനും അടങ്ങുന്ന 4 x 400 മീറ്റർ റിലേ ടീം മിന്നുന്ന പ്രകടനമാണ് നടത്തിയത്. ഫൈനലിൽ ഏഴാംസ്ഥാനത്ത് എത്താനായി. ഏഷ്യൻ ഗെയിംസിൽ നടത്തിയതിനേക്കാൾ മികച്ച സമയം കുറിച്ചു.
ഒളിമ്പിക്സ് എന്ന കായിക മാമാങ്കം വലിയൊരു അനുഭവമാണ്. ഏതൊരു കായിക താരത്തിന്റെയും വലിയ സ്വപ്നമാണ് ഒളിമ്പിക്സ്. അത്തരമൊരു മഹാമേളയിൽ രാജ്യത്തെ നയിക്കാൻ കഴിയുകയെന്നത് വാക്കുകൾക്കും അപ്പുറമുള്ള സന്തോഷമാണ്. 1992 ബാഴ്സലോണ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു. ആ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന സീനിയർ താരം ഞാനായിരുന്നു. അത്ലറ്റിക്സിൽ രണ്ടുപേർ മാത്രമാണ് യോഗ്യത നേടിയിരുന്നത്. ഒളിമ്പിക്സ് ഉദ്ഘാടന–- സമാപന ചടങ്ങുകളിൽ രാജ്യത്തിന്റെ പതാകയുമേന്തി നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായിരുന്നു. ടോക്യോയിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന താരങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.