ടോക്യോ
ഒളിമ്പിക്സ് ടെന്നീസിൽനിന്ന് പിൻവാങ്ങുന്ന കളിക്കാരുടെ എണ്ണം കൂടുന്നു. പുരുഷ- വനിതാ സിംഗിൾസിൽ പ്രമുഖ താരങ്ങളുടെ അസാന്നിധ്യം കളിയുടെ നിറം കെടുത്തും. പുരുഷ വിഭാഗത്തിൽ ബ്രിട്ടന്റെ ആൻഡി മുറേയും വനിതകളിൽ പോർട്ടറിക്കോയുടെ മോണിക്ക പ്യൂഗുമാണ് 2016ലെ ജേതാക്കൾ. ഹാട്രിക് നേട്ടത്തിനായി മുറേ ഇക്കുറിയും ഉണ്ട്. തോളെല്ലിന് പരിക്കുള്ള മോണിക്കയില്ല.
പുരുഷ വിഭാഗത്തിൽ പ്രമുഖരുടെ നിരതന്നെ പിൻമാറി. ലോക ഒന്നാംനമ്പർ താരം സെർബിയയുടെ നൊവാക് ജോകോവിച്ച് മത്സരിക്കുന്നുണ്ട്. സ്പാനിഷ് താരം റാഫേൽ നദാൽ പിൻവാങ്ങി. ഫ്രഞ്ച് ഓപ്പൺ സെമിയിലെ ആഘാതത്തിൽനിന്ന് മോചിതനാകാത്ത നദാൽ വിംബിൾഡൺ കളിച്ചില്ല. സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡററും ഒളിമ്പിക്സിനില്ല. ഫ്രഞ്ച് ഓപ്പണിൽ കളിക്കിടെ പിൻമാറിയ നാൽപ്പതുകാരന് വിംബിൾഡണിലും മുന്നേറാനായില്ല. 2008 ഒളിമ്പിക്സിൽ സ്റ്റാൻ വാവ്റിങ്കയ്ക്കൊപ്പം ഡബിൾസ് സ്വർണം നേടി. ഇക്കുറി വാവ്റിങ്കയുമില്ല.
യുഎസ് ഓപ്പൺ ചാമ്പ്യൻ ഓസ്ട്രിയയുടെ ഡൊമനിക് തീമും ഇല്ല. കിരീടം നിലനിർത്താനുള്ള ഒരുക്കത്തിലാണ് ഈ ലോക നാലാംനമ്പർ താരം. വനിതകളിൽ അമേരിക്കയുടെ സെറീന വില്യംസ്, റുമാനിയയുടെ സിമോണ ഹാലെപ്, എന്നിവരില്ല. പരിക്കാണ് ഇരുവരേയും അലട്ടുന്നത്. യുഎസ് ഓപ്പണിന് ഒരുങ്ങുകയുമാകാം. വെള്ളി മെഡൽ ജേത്രി ജർമനിയുടെ ആഞ്ജലിക് കെർബറും പിൻമാറി. തുടരെയുള്ള ചാമ്പ്യൻഷിപ്പുകൾ തളർത്തിയെന്നാണ് പ്രതികരണം. ആതിഥേയയായ ജപ്പാൻകാരി നവോമി ഒസാക നാട്ടിൽ ഒളിമ്പിക് സ്വർണം ആഗ്രഹിക്കുന്നു. ഒന്നാം റാങ്കുകാരി ഓസ്ട്രേലിയയുടെ ആഷ്ലി ബാർടിയാണ് കനത്ത വെല്ലുവിളി. 1988ൽ സ്റ്റെഫി ഗ്രാഫും 2000ൽ വീനസ് വില്യംസും 2012ൽ സെറീന വില്യംസും കൈവരിച്ച നേട്ടത്തിനരികിലാണ് ബാർടി. മൂന്നുപേരും വിംബിൾഡണിനൊപ്പം അതേവർഷം ഒളിമ്പിക് സ്വർണവും കരസ്ഥമാക്കി.