ബെര്ലിന്
പശ്ചിമ യൂറോപ്പില് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 120 ആയി. നിരവധി പേരെ കാണാതായി. ഇവര്ക്കായുള്ള തെരച്ചില് ഊര്ജിതമാണെങ്കിലും വാര്ത്താവിനിമയ സംവിധാനങ്ങൾ തകരാറിലായത് രക്ഷാപ്രവര്ത്തനത്തെ ബാധിച്ചു.
ജര്മനിയിലാണ് കൂടുതല് നാശനഷ്ടങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. പടിഞ്ഞാറന് സംസ്ഥാനമായ റൈന്ലാന്ഡ് പലാറ്റിനേറ്റില്മാത്രം 60 മരണം സ്ഥിരീകരിച്ചു. അയല് സംസ്ഥാനമായ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിൽ 43 പേര് മരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്ന് അധികൃതര് പറഞ്ഞു. രാജ്യത്ത് 1300 പേരെ കാണാതായിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം. ജര്മന് മിലിട്ടറിയുടെ 850 ട്രൂപ്പിനെ രക്ഷാപ്രവര്ത്തനത്തിന് വിന്യസിച്ചിട്ടുണ്ട്. കെട്ടിടങ്ങള് തകര്ന്നുവീണ് ആളുകള് മരിക്കുന്നത് വര്ധിക്കുന്നതിനാല് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള് ഊര്ജിതമായി തുടരുകയാണ്. പലയിടത്തും നദികള് കരകവിഞ്ഞൊഴുകുകയാണ്. നിരവധി വാഹനങ്ങള് ഒഴുക്കില്പ്പെട്ടു. ആയിരക്കണക്കിന് പേര് ഭവനരഹിതരായി. ദുരന്തത്തിന്റെ വ്യാപ്തി സംബന്ധിച്ച് വരും ദിവസങ്ങളിലെ വ്യക്തതയുണ്ടാകു എന്ന് യുഎസ് സന്ദര്ശനത്തിനിടെ ജര്മന് ചാന്സലര് ആംഗല മെര്ക്കല് പറഞ്ഞു.
അയല്രാജ്യമായ ബെല്ജിയത്തില് 12 പേരുടെ മരണം സ്ഥിരീകരിച്ചു. അഞ്ച് പേരെ കാണാതായി. നെതർലാന്ഡ്സിലും മഴ കനത്ത നാശനഷ്ടങ്ങള് ഉണ്ടാക്കിയിട്ടുണ്ട്. ദക്ഷിണ ഡച്ച് പ്രവിശ്യയായ ലിംബര്ഡിലാണ് കൂടുതല് പ്രശ്നങ്ങള്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഇത്തരം ദുരന്തങ്ങള് ആവര്ത്തിക്കാന് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.