താഷ്കെന്റ്
അഫ്ഗാനിൽ സർക്കാരും താലിബാനും തമ്മിൽ നടക്കുന്ന സംഘർഷത്തിന് പാകിസ്ഥാനെ പഴിചാരുന്നത് ശരിയല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കും. അഫ്ഗാൻ പ്രശ്നം തങ്ങൾക്ക് വലിയ സാമ്പത്തികനഷ്ടം വരുത്തിയെന്നും ഇമ്രാൻ പറഞ്ഞു. ദക്ഷിണ–- മധ്യ ഏഷ്യൻ രാജ്യങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ താഷ്കെന്റിൽ ചേർന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ, സമ്മേളനത്തിൽ സംസാരിച്ച അഫ്ഗാൻ പ്രധാനമന്ത്രി അഷ്റഫ് ഘാനി, താലിബാനെ പാകിസ്ഥാൻ പിന്തുണയ്ക്കുന്നെന്ന് ആവർത്തിച്ചു. പാകിസ്ഥാനിൽനിന്ന് 10,000 ‘ജിഹാദി പോരാളികൾ’ അഫ്ഗാനിൽ എത്തിയതായും അദ്ദേഹം ആരോപിച്ചു. ഇതൊടെ, അഫ്ഗാനിൽ സമാധാനം ഉറപ്പാക്കാൻ പാകിസ്ഥാൻ വിളിച്ചുചേർക്കാനിരുന്ന ഉച്ചകോടിയും മാറ്റിവച്ചു.
പാക് അതിർത്തിയിൽ താലിബാൻ പിടിച്ചെടുത്ത സ്പിൻ ബോൾഡാക് ക്രോസിങ്ങിൽ സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടം തുടരുന്നു. ഇവിടെ റോയിട്ടേഴ്സിന്റെ ഇന്ത്യക്കാരനായ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു.സംഘർഷത്തിൽ വലിയ നാശമുണ്ടായ അഫ്ഗാനെ സഹായിക്കാൻ 85 കോടി ഡോളർ (ഏകദേശം 6,342 കോടി രൂപ) വേണമെന്ന് യു എൻ മനുഷ്യാവകാശ സംഘടന മേധാവി റാമിസ് അലക്ബറോവ് പറഞ്ഞു. അഫ്ഗാൻകാരെ ലോകരാജ്യങ്ങൾ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.