ന്യൂഡൽഹി > മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രഗ്യ സിങ് താക്കൂറിന് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി വീട്ടിലെത്തി വാക്സിൻ നൽകി. പ്രഗ്യ വാക്സിൻ സ്വീകരിക്കുന്ന വീഡിയോ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്തിരുന്നു.
പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ഇളവ് നൽകുന്നുണ്ടെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ, ഭോപാൽ സ്റ്റേഡിയത്തിൽ പ്രഗ്യ ബാസ്കറ്റ് ബോൾ കളിക്കുന്നതിന്റെയും വിവാഹ ചടങ്ങിൽ ഡാൻസ് ചെയ്യുന്നതിന്റെയും വീഡിയോകൾ പുറത്തുവന്നിരുന്നു.
ദിവസങ്ങൾക്കുമുമ്പ് ഡാൻസും ബാസ്കറ്റ് ബോളും കളിച്ചയാൾക്ക് എങ്ങനെ വാക്സിൻ കേന്ദ്രത്തിലെത്തേണ്ടെന്ന ഇളവ് നൽകാനാകുമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂച രംഗത്തെത്തി.
ആറുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനക്കേസിൽ ജാമ്യത്തിലാണ് പ്രഗ്യ. നിരവധി തവണ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിൽ ഹാജരായിട്ടില്ല.