കൊടുങ്ങല്ലൂർ > മെസ്സിയുടെ ഫ്രീകിക്ക് പിഴയ്ക്കാറില്ല. മാധ്യമം ഏതുമാവട്ടെ ഡാവിഞ്ചി സുരേഷിന്റെ ചിത്രപ്പണികളും ലക്ഷ്യം തെറ്റാറില്ല. പന്തും ബൂട്ടും ജേഴ്‌സിയുമാണ് മെസ്സിയുടെ ജീവൻ. കോപ്പ കാൽചുവട്ടിലാക്കിയ മെസ്സിയെ പന്തുകളാലും ജേഴ്‌സികളാലും ഒരുക്കിയെടുത്തിരിക്കയാണ് ഡാവിഞ്ചി സുരേഷ്. കായിക ഉപകരണങ്ങളാൽ തീർത്ത മെസ്സിയുടെ തലയെടുപ്പുള്ള ആ ചിത്രം കാൽപന്തിന്റെ ആരാധകർക്കുള്ള ഡാവിഞ്ചി സുരേഷിന്റെ സമർപ്പണമാണ്.
കാൽപന്ത് കളിയിലെ ഫുട്ബോളും ജഴ്സിയും ബൂട്ടും മാത്രമല്ല, ക്രിക്കറ്റ് ബാറ്റും തൊപ്പികളും ജിംനേഷ്യം ഉപകരണങ്ങളുമെല്ലാം മെസ്സിയുടെ ശരീരത്തിൽ കയറി. മധ്യനിര കടന്നാൽ മുന്നേറ്റനിരയിലെ മാന്ത്രികനായി ഉയരുന്ന മെസ്സിയുടെ കളിപ്പോലെയാണീ ചിത്രവും. തറയിൽനിന്ന് തുടങ്ങുന്ന രൂപ മധ്യഭാഗം കഴിഞ്ഞാൽ ഉയർന്നുയർന്ന് വരും. പിന്നിൽ മേശയും കസേരയുമെല്ലാം സ്ഥാപിച്ച് അതിനുമുകളിലാണ് ചിത്രപ്പണികൾ. ഇതോടെ മെസ്സിക്ക് തലയെടുപ്പ് കൂടി.
മതിലകം മതിൽ മൂലയിലുള്ള പ്ലെ ഗെയിംസ് ഷോപ്പിനുള്ളിലാണ് 25 അടി വലുപ്പത്തിലുള്ള മെസ്സിയുടെ ചിത്രശിൽപം നിർമിച്ചിരിക്കുന്നത്. പ്ലെ ഗെയിംസ് ഉടമസ്ഥൻ അഷറഫ് പടിയത്ത് ഇതിന് പിന്തുണയേകി. ചുമരിലും തറയിലുമായി എട്ടു മണിക്കൂർ സമയമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്ത് തൃമാന ചിത്രം വരയ്ക്കുന്ന രീതിയിൽ വിസ്തീർണ വ്യത്യാസം വരുത്തിയ ഈ ചിത്രം പ്രത്യേകമായ വ്യൂ പോയിന്റിൽ ക്യാമറയിലൂടെ നോക്കുമ്പോഴാണ് ചിത്രത്തിന് പൂർണത കൈവരുന്നത്. കായിക സാമഗ്രികളുടെ നിറങ്ങളനുസരിച്ച് ചിത്രത്തിന്റെ നിറച്ചാർത്തിനും മാറ്റം വരുത്തിയിട്ടുണ്ട് ഡിജിറ്റൽ പെയിൻറിംഗ് പോലെ ഗ്രാഫിറ്റി സ്റ്റൈൽ പോലെ കളർഫുൾ ആണ്
100മീഡിയങ്ങളിൽ ചിത്രങ്ങളും ശില്പങ്ങളും തീർക്കുന്നതിന്റെ എഴുപതാമത്തെ മീഡിയമാണ് കായിക ഉപകരണങ്ങളെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു. ക്യാമറമെൻ സിമ്പാദ്, രാകേഷ് പള്ളത്, ഫെബിൻ, സിബിഷ് തുടങ്ങിയവരും സഹായികളായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..