തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം സർക്കാർ പൂഴ്ത്തിവെയ്ക്കുകയാണെന്ന് ബെന്നി ബഹനാൻ എം.പി. 20,913 കോവിഡ് മരണങ്ങൾ സർക്കാർ പൂഴ്ത്തി വെച്ചതായും അദ്ദേഹം ആരോപിച്ചു. സർക്കാർ പൂഴ്ത്തിവെച്ച കോവിഡ് മരണ കണക്കുകൾ പുറത്തു കൊണ്ടുവരാൻ ജനകീയ ക്യാമ്പയിൻ ആരംഭിക്കുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആരോഗ്യ വിദഗ്ധരുടെ കണക്ക് പ്രകാരം സർക്കാർ പറയുന്നതിനേക്കാൾ മൂന്നിരട്ടിയാണ് കോവിഡ് മരണം. 2021 മെയ് മാസത്തിൽ സംസ്ഥാന സർക്കാരിന്റെ കണക്ക് പ്രകാരം 4,395 കോവിഡ് മരണങ്ങളാണ് നടന്നത്. എന്നാൽ ഇതേ മാസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്ക് പ്രകാരം മരണ സംഖ്യ 10,602 ആണെന്ന് ബെന്നി ബഹനാൻ ചൂണ്ടിക്കാട്ടി. എല്ലാ ജില്ലകളിലും കോവിഡ് മരണത്തിന്റെ കണക്കുകളിൽ തിരിമറി നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് 35,851 കോവിഡ് മരണങ്ങൾ നടന്നപ്പോൾ സർക്കാർ കണക്കിൽ 14,938 ആയി കുറഞ്ഞുവെന്നും ഈ കള്ളക്കളിക്ക് സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡാനന്തര മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. ജൂലൈ മൂന്ന് മുതലാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ സർക്കാർ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ഇതിലും കള്ളക്കളിയുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളുടെ സംഗ്രഹം എന്നാണു സർക്കാർ അവകാശപ്പെടുന്നതെങ്കിലും പഴയ മരണങ്ങൾ തിരുകികയറ്റിയാണ് പട്ടിക പുറത്തുവിടുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു.
അതിനാൽ സംസ്ഥാന സർക്കാർ പൂഴ്ത്തിവച്ച കോവിഡ് മരണങ്ങൾ കണ്ടുപിടിക്കാൻ കോവിഡ് ഡെത്ത് കൗണ്ട് ക്യാമ്പയിൻഎന്ന പേരിൽ ജനകീയ പ്രചാരണം ആരംഭിക്കുകയാണെന്ന് ബെന്നി ബഹനാൻ അറിയിച്ചു. തന്റെ ഔദ്യോഗിക എഫ്.ബി പേജിൽ ഇതിനായി പ്രചാരണം തുടങ്ങുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തന്റെ എഫ് ബി പേജിൽ കാമ്പയിനുമായി ബന്ധപ്പെട്ട പോസ്റ്റിനും വീഡിയോയ്ക്കും താഴെ കോവിഡ് മരണമെന്ന് ഉറപ്പുള്ളതും സർക്കാർ കണക്കി പെടാത്തതുമായ മരണങ്ങൾ കമന്റായി ജനങ്ങൾക്ക് അറിയിക്കാം. കോവിഡ് ബാധിച്ച് മരണപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നല്കാൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കള്ളക്കളി മൂലം 20,000 ലേറെ പേർക്ക് ആനുകൂല്യം നഷ്ടപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ പൂഴ്ത്തി വച്ച മരണങ്ങൾ പുറത്തു കൊണ്ടുവന്ന് ഇവർക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ ക്യാമ്പയിനെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:benny behnan says that kerala government backlogged 20,913 covid deaths