കൊച്ചി
സംരംഭകരുടെ പരാതി പരിഹരിക്കാൻ വ്യവസായമന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടി തുടങ്ങി. കളമശേരി കുസാറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ 139 അപേക്ഷ പരിഗണിച്ചു. അതിൽ 15 എണ്ണത്തിന് പരിഹാരവുമായി. ബാക്കി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി.
കൂടുതൽ വ്യവസായങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. വ്യവസായികളുടെ പരാതി ഉടൻ പരിഹരിക്കാൻ പ്രത്യേക അതോറിറ്റി രൂപീകരിക്കും. അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമം കൊണ്ടുവരും. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിക്കാൻ സമിതിയുണ്ടാക്കും. വ്യവസായശാലകളിൽ പരിശോധനയ്ക്ക് കേന്ദ്രീകൃത സംവിധാനമുണ്ടാക്കും. ജില്ലകളിലെ പരാതി പരിഹരിക്കാൻ നാല് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിമാരായ കെ ഇളങ്കോവൻ, എ പി എം മുഹമ്മദ് ഹനീഷ്, വ്യവസായ വികസന കോർപറേഷൻ എംഡി എം ജി രാജമാണിക്യം, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ബിജു എബ്രഹാം എന്നിവർ പങ്കെടുത്തു. വെള്ളിയാഴ്ച തിരുവനന്തപുരത്തും 19ന് കോട്ടയത്തും പരിപാടി നടക്കും.