തിരുവനന്തപുരം
സഹകരണമേഖലയുടെ നിയന്ത്രണം ഒന്നാകെ കേന്ദ്രം ഏറ്റെടുക്കുന്നുവെന്ന പ്രചാരണവുമായി ബിജെപി നേതൃത്വം. നിയന്ത്രണത്തിലുള്ള അപ്പെക്സ് സഹകരണ സംഘങ്ങൾ വഴി വിവിധ മാധ്യമങ്ങളിൽ പരസ്യം നൽകിയാണ് പ്രചാരണം. ഗുജറാത്ത് സംസ്ഥാന സഹകരണ ബാങ്ക് അടക്കമുള്ളവ ഇത് ഏറ്റെടുത്തിട്ടുണ്ട്. മലയാള മാധ്യമങ്ങളിലടക്കം പരസ്യവും വന്നു. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ സഹായവും ഇവർക്കുണ്ട്. സഹകരണ മന്ത്രാലയ രൂപീകരണത്തിന് മോഡിയെയും അമിത് ഷായെയും പ്രകീർത്തിക്കുകയാണ് പ്രധാന ലക്ഷ്യം. വിജ്ഞാപനം ഇറങ്ങാൻ കാത്തുനിൽക്കാതെയാണ് ഈ എടുത്തുചാട്ടം.
ബാങ്കിങ്, കൃഷി, ഫിഷറീസ്, മൃഗപരിപാലനം, പഞ്ചസാര ഉൽപ്പാദനം, ക്ഷീരസംസ്കരണം, ഉൽപ്പാദനം, സേവനം, ഭവന നിർമാണം, തൊഴിൽ ഉൾപ്പെടെ മേഖലകൾ സഹകരണ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകുമെന്നും പരസ്യത്തിൽ പറയുന്നു. ഈ നീക്കം സഹകരണമേഖലയെ ഇല്ലാതാക്കുമെന്നാണ് സഹകാരികൾ ചൂണ്ടിക്കാട്ടുന്നത്. റിസർവ് ബാങ്ക് നിർദേശിച്ചിട്ടുള്ള നിയന്ത്രണങ്ങളും സഹകരണമേഖലയുടെ കെട്ടുറപ്പിനെ ബാധിക്കുന്നവയാണ്.
അന്തർ സംസ്ഥാന സഹകരണ സ്ഥാപനങ്ങളും അർബൻ ബാങ്കുകളും പൂർണമായും റിസർവ് ബാങ്ക് നിയന്ത്രണത്തിലാക്കുകയെന്ന ഗൂഢനീക്കവും ഇതിനു പിന്നിലുണ്ട്. ഫലത്തിൽ സഹകരണത്തിന്റെ സംസ്ഥാന സ്വഭാവം ഇല്ലാതാക്കുകയാണ് കേന്ദ്ര ലക്ഷ്യം.