ന്യൂഡൽഹി
ഒളിമ്പിക്സിൽ ഇന്ത്യ ഇതുവരെ നേടിയത് 28 മെഡലുകൾ മാത്രം. അതിൽ ഒമ്പത് സ്വർണവും ഏഴ് വെള്ളിയും ഒമ്പത് വെങ്കലവും ഉൾപ്പെടുന്നു. പുരുഷ ഹോക്കിയിലാണ് കൂടുതൽ മെഡൽ. എട്ട് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും. ഇതുവരെ നടന്ന 31 ഒളിമ്പിക്സുകളിൽ 24 എണ്ണത്തിൽ ഇന്ത്യയുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു. 2012ൽ ലണ്ടനിൽ നടന്ന ഒളിമ്പിക്സിലാണ് ഏറ്റവും വലിയ നേട്ടം. 83 അത്ലീറ്റുകൾ അണിനിരന്നപ്പോൾ രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ആറ് മെഡലുകൾ. ഷൂട്ടിങ്ങിൽ വിജയ് കുമാർ പുരുഷന്മാരുടെ 25 മീറ്റർ റാപ്പിഡ് പിസ്റ്റളിൽ വെള്ളി നേടി. 66 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സുശീൽ കുമാറും വെള്ളി കരസ്ഥമാക്കി.
ബാഡ്മിന്റണിൽ സൈന നെഹ്വാളും ബോക്സിങ്ങിൽ മേരികോമും വെങ്കലം നേടി. ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ റൈഫിളിൽ ഗഗൻ നരംഗ് വെങ്കലം വെടിവച്ചിട്ടു. ഗുസ്തിയിൽ യോഗേശ്വർ റാവുവിന് വെങ്കലമുണ്ട്. പുരുഷ ഹോക്കിയിൽ 1928 ആംസ്റ്റർഡാം ഒളിമ്പിക്സ് മുതൽ തുടർച്ചയായി ആറ് സ്വർണം. തുടർന്ന് 1964ൽ ടോക്യോയിലും 1980ൽ മോസ്കോയിലും പ്രകടനം ആവർത്തിച്ചു. 2008 ബീജിങ്ങിൽ അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങിൽ നേടിയതാണ് ഏക വ്യക്തിഗത സ്വർണം.
ഏഴ് വെള്ളിയിൽ രണ്ടെണ്ണം ബ്രിട്ടീഷുകാരനായ നോർമൻ പ്രിച്ചാഡ് നേടിയതാണ്. 1900 പാരിസ് ഒളിമ്പിക്സിൽ 200 മീറ്റർ, 200 മീറ്റർ ഹർഡിൽസ് എന്നിവയിൽ രണ്ടാമതെത്തി. 1960ലെ റോം ഒളിമ്പിക്സിൽ ഹോക്കിയിൽ വെള്ളി. 2004 ഏതൻസിൽ രാജ്യവർധൻ സിങ് റാത്തോഡ് ഷൂട്ടിങ്ങിൽ വെള്ളി സ്വന്തമാക്കി. ഡബിൾ ട്രാപ്പ് ഇനത്തിലാണ് നേട്ടം. 2016ൽ പി വി സിന്ധു ബാഡ്മിന്റൺ ഫൈനലിൽ തോറ്റ് വെള്ളികൊണ്ട് തൃപ്തിപ്പെട്ടു.
1952 ഹെൽസിങ്കിയിൽ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഷഹബ ദാദാസാഹേബ് ജാദവ് വെങ്കലം നേടി. 1968ലും 1972ലും ഹോക്കിയിൽ വെങ്കലമാണ്. 1996ൽ ലിയാൻഡർ പെയ്സ് ടെന്നീസിൽ വെങ്കലം കൊണ്ടുവന്നു. 2000ൽ കർണം മല്ലേശ്വരി ഭാരോദ്വഹനത്തിൽ വെങ്കലം ഉയർത്തി. 2008 ബീജിങ്ങിൽ ബോക്സിങ്ങിൽ വിജേന്ദർ സിങ്ങും ഗുസ്തിയിൽ സുശീൽ കുമാർ വെങ്കലവും കരസ്ഥമാക്കി. 2016ൽ സാക്ഷി മാലിക് ഗുസ്തിയിൽ വെങ്കലമെഡൽ സ്വന്തമാക്കി.