എം ഡി വത്സമ്മ
1982 ഡൽഹി ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഹർഡിൽസിൽ റെക്കോഡോടെ സ്വർണം നേടി. 1984 ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്സിൽ 4×400 മീറ്റർ റിലേയിൽ ഫൈനലിലെത്തിയ ടീം അംഗം. 400 മീറ്റർ ഹർഡിൽസിലും പങ്കെടുത്തു.കണ്ണൂർ ആലക്കോട് സ്വദേശി, ഇപ്പോൾ പാലക്കാട്ട് താമസം
ഒറ്റ ഒളിമ്പിക്സിലാണ് പങ്കെടുത്തത്. പക്ഷേ, അത് മറക്കാനാകാത്തതും കണ്ണീരിന്റേതുമായി. മൂന്നരപ്പതിറ്റാണ്ടിനുശേഷവും ലോസ് ഏയ്ഞ്ചൽസ് ഇപ്പോഴും എല്ലാവരെയും കരയിപ്പിക്കുന്നു. അത്രയ്ക്കും വൈകാരികമായിരുന്നു പി ടി ഉഷയുടെ മെഡൽ നഷ്ടം. ഞാൻ രണ്ട് ഇനങ്ങളിലായിരുന്നു പങ്കെടുത്തത്. 400 മീറ്റർ ഹർഡിൽസിലും 4×400 മീറ്റർ റിലേയിലും. ആദ്യ ഒളിമ്പിക്സിന്റെ അമ്പരപ്പും സമ്മർദവും ഉണ്ടായിരുന്നു. ചാർട്ടർ ചെയ്ത വിമാനത്തിലായിരുന്നു യാത്ര. ഡൽഹിയിൽനിന്ന് 24 മണിക്കൂർ എടുത്ത നീണ്ട യാത്ര. ഒരു മാസംമുമ്പുതന്നെ ലോസ് ഏയ്ഞ്ചൽസിൽ എത്തിയിരുന്നു.
400 മീറ്റർ ഹർഡിൽസിൽ എനിക്ക് മുന്നേറാൻ സാധിച്ചില്ല. കടുപ്പമേറിയ ഗ്രൂപ്പിലായിരുന്നു ആദ്യ റൗണ്ട്. ഈ ഇനത്തിൽ ഉഷ ഫൈനലിലേക്ക് കയറിവന്നത് ഞങ്ങൾക്കെല്ലാം ആശ്വാസവും സന്തോഷവുമായി. മെഡൽ പ്രതീക്ഷിച്ചു. ഫിനിഷ് കഴിഞ്ഞെങ്കിലും ഫലം വൈകി. അതോടെ ആശങ്കയായി. ഫൈനൽ ഫിനിഷ് പലതവണ സ്ക്രീനിൽ തെളിഞ്ഞു. ഞങ്ങൾക്കാകെ ആധിയായി. ഒടുവിൽ സെക്കൻഡിന്റെ നൂറിൽ ഒരംശത്തിന് മെഡൽ നഷ്ടപ്പെട്ടതറിഞ്ഞു. എല്ലാവരും കരഞ്ഞു. മത്സരശേഷം ഉഷയെ കണ്ട രംഗങ്ങളെല്ലാം ഇപ്പോഴും മനസ്സിലുണ്ട്. ആ നഷ്ടത്തിന്റെ ആഘാതം മാറാൻ സമയമെടുത്തു. ഇപ്പോഴും നമ്മൾ ആ പഴയ മെഡൽ നഷ്ടത്തെക്കുറിച്ച് പറയുന്നതിൽനിന്നുതന്നെ അതിന്റെ ആഴം മനസ്സിലാകും.
അതുപോലെ ആസ്വദിച്ച്, അഭിമാനത്തോടെ പങ്കെടുത്തതാണ് 4×400 മീറ്റർ റിലേ. ഫൈനലിൽ ഏഴാംസ്ഥാനം. നിറഞ്ഞ സ്റ്റേഡിയത്തിലെ ആ ഫൈനൽ ഇപ്പോഴും സുഖമുള്ള ഓർമയാണ്. നല്ല സെറ്റായ ടീമായിരുന്നു ഞങ്ങളുടേത്. ഉഷയ്ക്കും ഷൈനിക്കുമൊപ്പം വന്ദനാ റാവുവും. അവസാന ട്രാക്കായിരുന്നു ഞങ്ങളുടേത്. ആദ്യ ഊഴം എന്റേതായിരുന്നു. അവസാന ട്രാക്ക് ആയതിനാൽ കൂടെ ഓടുന്നവരെ കാണാനും പറ്റില്ല. വെടിയൊച്ചയ്ക്കൊപ്പം ഞാൻ കുതിച്ചു. ബാറ്റൺ വന്ദനാറാവുവിന് കൈമാറി. പിന്നെ ഷൈനിയും ഒടുവിൽ ഉഷയും. മെഡൽ കിട്ടിയില്ലെങ്കിലും നല്ല സമയം കുറിക്കാനായി. ഇക്കുറി ഇന്ത്യൻ ടീമിൽ ഒറ്റ മലയാളി പെൺകുട്ടിപോലും ഇല്ലെന്നറിഞ്ഞപ്പോൾ വിഷമം. 1980 മുതൽ 2016 വരെ സാന്നിധ്യമുണ്ടായിരുന്നു. റിലേയിൽ എക്കാലത്തും കേരളത്തിന് ആധിപത്യമുണ്ട്. ഇക്കുറി 4×400 മീറ്റർ റിലേ ടീം യോഗ്യത നേടാത്തത് നിർഭാഗ്യമായി.