ഹൈദരാബാദ്
ബാഡ്മിന്റണിൽ ലോക ചാമ്പ്യനായ പി വി സിന്ധു ശുഭാപ്തി വിശ്വാസിയാണ്. 2016ൽ റിയോ ഒളിമ്പിക്സിൽ നേടിയ വെള്ളി സ്വർണത്തിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. പക്ഷേ, അത് എളുപ്പമല്ലെന്ന് സിന്ധു പറയുന്നു. കഴിഞ്ഞതവണ സിന്ധുവിനെ തോൽപ്പിച്ച് സ്വർണം നേടിയ കരോലിന മറിൻ പരിക്കുമൂലം ഇക്കുറിയില്ല. അതിനാൽ സ്വർണം ഉറപ്പിക്കേണ്ട. സമാന ഫോമിലുള്ള കളിക്കാർ വേറേയും ഉണ്ട്. പക്ഷേ ഒന്നുറപ്പിച്ച് പറയാം, റിയോ അല്ല ടോക്യോ. എല്ലാ അർഥത്തിലും മെച്ചപ്പെട്ടാണ് ടോക്യോയിൽ ഇറങ്ങുന്നത്.
മാനസികമായും ശാരീരികമായും കരുത്ത് നേടി. ശാരീരികക്ഷമതയ്ക്ക് ഊന്നൽ നൽകിയായിരുന്നു പരിശീലനം. കഴിവുകളെല്ലാം സാങ്കേതിക മികവോടെ മിനുക്കിയെടുത്തു. പിഴവുകൾ കുറയ്ക്കാനും ഷോട്ടുകൾ കരുത്തുറ്റതാക്കാനും കഠിനാധ്വാനം ഒളിമ്പിക്സിന് നന്നായി ഒരുങ്ങിയിട്ടുണ്ട്. കോവിഡ് കാരണം ടൂർണമെന്റുകൾ കുറവായിരുന്നു. അതിനാൽ കളി മെച്ചപ്പെടുത്താൻ ധാരാളം സമയം കിട്ടി. കോച്ച് പാർക്ക് തായി സാങ്ങിനുകീഴിൽ പെട്ടെന്ന് സെറ്റായി. ടോക്യോയിൽ പ്രധാനം കോവിഡിൽനിന്ന് സുരക്ഷിതരായി ഇരിക്കുകയെന്നതാണ്. ജീവിതത്തിൽ ഇതുവരെ പരിചയമില്ലാത്ത അന്തരീക്ഷത്തിലാണ് കളി.
എല്ലാവരും നല്ല തയ്യാറെടുപ്പോടെയാണ് വരുന്നത്. അവർക്കെല്ലാം പുതിയ തന്ത്രങ്ങളും ആയുധങ്ങളും ഉണ്ടാകും. ഏവരുടെയും ലക്ഷ്യം സ്വർണമാണ്. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും സിന്ധു പറഞ്ഞു.