ടോക്യോ
ഒളിമ്പിക്സ് മേളയ്ക്ക് ഏഴ് ദിനംമാത്രം ശേഷിക്കെ കോവിഡിന്റെ ആശങ്ക ഒഴിയുന്നില്ല. ആറ് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന സംഖ്യയാണ് ടോക്യോയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഒറ്റദിവസം 1308 പേർക്ക് രോഗം സ്ഥിരീകരിച്ചു.കാണികളെ പൂർണമായി ഒഴിവാക്കിയിട്ടുണ്ടെങ്കിലും കായിക താരങ്ങളിലാർക്കെങ്കിലും പോസിറ്റീവായാൽ അത് മേളയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കും.
ഓരോ ഇനങ്ങൾക്കുമായി രാജ്യാന്തര ഒളിമ്പിക് സമിതി (ഐഒസി) രാജ്യാന്തര സ്പോർട്സ് ഫെഡറേഷനുകളുമായി സഹകരിച്ച് നിയമാവലി ഉണ്ടാക്കിയിട്ടുണ്ട്. ഏതെങ്കിലും കായിക താരത്തിന് കോവിഡ് ബാധിച്ചാൽ അതിന് അതനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഐഒസി വ്യക്തമാക്കുന്നു. ഒളിമ്പിക്സുമായി ബന്ധപ്പെട്ട് നിരവധി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആദ്യം ഉഗാണ്ട ടീമിലെ പരിശീലകനാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ ഉഗാണ്ട ടീമിലെ ഒരു അത്ലീറ്റിനും രോഗബാധയുണ്ടായി. ഈ മാസമാദ്യമാണ് സെർബിയയുടെ തുഴച്ചിൽ ടീമിലെ ഒരംഗത്തിന് കോവിഡ് ബാധിച്ചത്. മുഴുവൻ അംഗങ്ങളും നിരീക്ഷണത്തിലായി. റഷ്യ, ലിത്വാനിയ, ഇസ്രയേൽ ടീമുകളിലെ അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചു. ബ്രസീലിന്റെ ഒരു ഡസൻ താരങ്ങളാണ് നിരീക്ഷണത്തിലുള്ളത്. കെനിയൻ റഗ്ബി ടീമിലെ എട്ടുപേർക്ക് കോവിഡ് ബാധിച്ചതിനാൽ അവർ പരിശീലന ക്യാമ്പിൽ തുടരുകയാണ്. ഇതുവരെ ടോക്യോയിലേക്ക് പുറപ്പെടാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഈ സംഭവം. കൂടുതൽ ടീമുകൾ മേളയിലേക്ക് എത്തുന്നതേയുള്ളൂ.
ഒളിമ്പിക് ഗ്രാമത്തിൽ എല്ലാ ദിവസവും പരിശോധനയുണ്ട്. പോസിറ്റീവായാൽ വിട്ടുനിൽക്കണം. ഓരോ മത്സരത്തിനും ഓരോ രീതിയാണ് ഐഒസി നിഷ്കർഷിച്ചിട്ടുള്ളത്. ഒറ്റദിവസം നടക്കുന്ന മത്സരങ്ങൾക്കും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഇനങ്ങൾക്കും പ്രത്യേകമാണ് കോവിഡ് നിയമങ്ങൾ. കോവിഡ് കാരണം പിൻമാറുന്ന അത്ലീറ്റുകളെ അയോഗ്യരുടെ പട്ടികയിൽ ഉൾപ്പെടുത്തില്ല. മത്സരം ആരംഭിക്കാൻ കഴിയാത്തവർ എന്ന പട്ടികയിലായിരിക്കും ഉൾപ്പെടുത്തുക. ഒരുദിവസം നടക്കുന്ന മത്സരങ്ങളായ ഷൂട്ടിങ്, മാരത്തൺ, ഭാരോദ്വഹനം എന്നിവയ്ക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
വ്യക്തിഗത ഇനങ്ങളിൽ നിയമം മാറും. അത്ലറ്റിക്സ് 100 മീറ്റർ ഫൈനലിൽ കടന്ന ഒരു താരം പോസിറ്റീവ് ആണെങ്കിൽ ഒഴിവാക്കപ്പെടും. പകരം മറ്റൊരു അത്ലീറ്റ് ഇടംപിടിക്കും. സെമിയിൽ പുറത്തായ അത്ലീറ്റുകളിൽ ഏറ്റവും ഉയർന്ന റാങ്കുള്ളയാൾക്ക് ഫൈനലിലേക്ക് അവസരം കിട്ടും. ടെന്നീസ്, ബോക്സിങ്, ബാഡ്മിന്റൺ എന്നിവയിൽ പോസിറ്റീവായാൽ എതിരാളികൾക്ക് ‘ബൈ’ ലഭിക്കും. പകരക്കാരെ അനുവദിക്കില്ല. ഫൈനലിലാണ് സംഭവിക്കുന്നതെങ്കിൽ പോസിറ്റീവായ താരത്തിന് വെള്ളി ലഭിക്കും.