ന്യൂഡൽഹി
കോവിഡ് പശ്ചാത്തലത്തിൽ ആഭ്യന്തര വിമാനയാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കി സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും. ഡൽഹിയിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള യാത്രക്കാരെ നാലായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മഞ്ഞ, ആംബർ, ഓറഞ്ച്, റെഡ് വിഭാഗങ്ങളിൽ വ്യത്യസ്ത മാർഗനിർദേശങ്ങൾ പിന്തുടരണം.
അഞ്ചു ശതമാനത്തിലധികം രോഗസ്ഥിരീകരണ നിരക്കുള്ള (ടിപിആർ) സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ ചുവപ്പ് വിഭാഗത്തിലാണ്. ഇവർക്ക് വാക്സിൻ ഇരു ഡോസുമെടുത്ത സർട്ടിഫിക്കറ്റോ 72 മണിക്കൂർ മുമ്പ് ആർടിപിസിആർ നെഗറ്റീവായതിന്റെ രേഖയോ കാണിക്കണം. ഈ രേഖകൾ ഇല്ലാത്തവർക്ക് 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് കർണാടകത്തിലേക്ക് വരുന്നവർ 72 മണിക്കൂർ മുമ്പ് ആർടിപിസിആർ നെഗറ്റീവായതിന്റെ സർട്ടിഫിക്കറ്റ് കരുതണം. പശ്ചിമ ബംഗാൾ, ഗോവ എന്നിവിടങ്ങളിലേക്ക് പോകാനും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. അസമിൽ എത്തുന്നവർ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാകണം. ആന്ധ്രപ്രദേശിൽ 14 ദിവസം നിർബന്ധമായും വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. മഹാരാഷ്ട്രയിൽ എത്തുന്നവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. വാക്സിനേഷൻ സർട്ടിഫിക്കറ്റ് കരുതണം.