കാബൂൾ
അഫ്ഗാൻ സൈന്യത്തിന്റെ പിടിയിലായ 7000 പ്രവർത്തകരെ വിട്ടയച്ചാൽ താൽക്കാലിക വെടിനിർത്തലിന് തയ്യാറെന്ന് താലിബാൻ. മൂന്നുമാസം വെടിനിർത്താമെന്നാണ് വാഗ്ദാനം. യുഎൻ കരിമ്പട്ടികയിൽനിന്ന് താലിബാൻ നേതാക്കളുടെ പേര് നീക്കംചെയ്യണമെന്നും ആവശ്യപ്പെട്ടു. സർക്കാർ പ്രതികരിച്ചിട്ടില്ല. രാജ്യത്തിന്റെ 85 ശതമാനവും തങ്ങളുടെ കൈപ്പിടിയിലാണെന്ന് താലിബാൻ അവകാശപ്പെട്ടിരുന്നു. ഇത് തെറ്റാണെന്നാണ് സർക്കാർ വാദം. ആകെയുള്ള 400 ജില്ലയിൽ മൂന്നിലൊന്നിലധികവും താലിബാൻ പിടിച്ചെടുത്തതായി മറ്റ് സർവേകളും വ്യക്തമാക്കി.
പാക് അതിർത്തിയിൽ കാണ്ഡഹാറിനടുത്ത് താലിബാൻ ബുധനാഴ്ച പിടിച്ചെടുത്ത സ്പിൻ ബോൾഡാക് അതിർത്തി ക്രോസിങ് തിരികെ പിടിച്ചതായി സൈന്യം വ്യാഴാഴ്ച അവകാശപ്പെട്ടിരുന്നു. ഇത് താലിബാൻ നിഷേധിച്ചു. ഇവിടെ താലിബാൻ പതാക ഉയർത്തിയ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചു. അഫ്ഗാൻ–- പാക് അതിർത്തിയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ക്രോസിങ്ങാണ് ഇത്. സംഘർഷം തങ്ങളുടെ മണ്ണിലേക്കും ബാധിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ അതിർത്തി അടച്ചിരുന്നു. വടക്കുപടിഞ്ഞാറൻ മേഖലകളിലെ അതിർത്തി പ്രദേശങ്ങളും താലിബാൻ നിയന്ത്രണത്തിലാണ്. വ്യാഴാഴ്ച അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനിയുമായി താഷ്കന്റിൽ കൂടിക്കാഴ്ച നടത്തിയ ഇന്ത്യൻ വിദേശമന്ത്രി എസ് ജയ്ശങ്കർ സ്ഥിതിഗതികൾ ചർച്ച ചെയ്തു.