വാഷിങ്ടണ്
ആഗോളതലത്തില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതായി ലോകാരോഗ്യ സംഘടന. തുടര്ച്ചയായ ഒമ്പതാഴ്ചത്തെ ഇടിവിനുശേഷം മരണനിരക്കിലും വര്ധനയുണ്ടായതായി ഡബ്ല്യുഎച്ച്ഒ ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്ട്ടില് വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 55,000 പേരാണ് കോവിഡിനിരയായത്. തൊട്ടുമുമ്പത്തെ ആഴ്ചയേക്കാള് മൂന്ന് ശതമാനം കൂടുതൽ. കഴിഞ്ഞ ആഴ്ച കോവിഡ്ബാധിതരായവരുടെ എണ്ണം പത്ത് ശതമാനംകൂടി മുപ്പത് ലക്ഷത്തോടടുത്തു. ബ്രസീല്, ഇന്ത്യ, ഇന്ഡോനേഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ് യഥാക്രമം ഏറ്റവുമധികം പ്രതിദിന കേസുകള് റിപ്പോര്ട്ട് ചെയ്യുന്നത്. ബ്രിട്ടനില് ഇന്നലെമാത്രം 42,302 പുതിയ കേസ് റിപ്പോര്ട്ട് ചെയ്തു. ജനുവരിക്കുശേഷം രാജ്യത്ത് ഇതാദ്യമായാണ് പ്രതിദിന കേസുകളുടെ എണ്ണം നാല്പ്പതിനായിരത്തിന് മുകളിലെത്തുന്നത്. 23ന് ഒളിമ്പിക്സ് ആരംഭിക്കാനിരിക്കെ ടോക്യോയില് കോവിഡ് വ്യാപനം രൂക്ഷമാകുന്നത് ആശങ്കയാണ്.
പലരാജ്യങ്ങളിലും നിയന്ത്രണങ്ങള് പൂര്ണമായും പിന്വലിക്കുന്നതിന് ശക്തമായ സമ്മര്ദമുണ്ടെന്നും ആസൂത്രണമില്ലാതെ ഇളവുകള് പ്രഖ്യാപിക്കുന്നത് കൂടുതല് പ്രതിസന്ധിയുണ്ടാക്കുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്കി.