തിരുവനന്തപുരം> കണ്ണൂര്-മൈസൂര് ദേശീയപാതയ്ക്കും തിരുവനന്തപുരം – വിഴിഞ്ഞം റിംഗ് റോഡിനും അംഗീകാരം ലഭിച്ചത് കേരളത്തിന് കുതിപ്പേകുന്ന വികസനപ്രവര്ത്തനമായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്
ഡല്ഹിയിലെത്തിയ മുഖ്യമന്ത്രി, പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും കണ്ട് കേരളത്തിന്റെ വികസന പദ്ധതികള് ചര്ച്ച ചെയ്തിരുന്നു. കേന്ദ്ര റോഡുഗതാഗത- ഹൈവേ മന്ത്രി നിതിന് ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാന റോഡുകളുടെ വികസന പദ്ധതികള്ക്ക് അംഗീകാരം ലഭിച്ചത്. കേരളത്തിലെ 11 റോഡുകളെ ഭാരത് മാലാ രണ്ടാംഘട്ട പദ്ധതിയില് ഉള്പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിന്റെ അടിസ്ഥാനസൗകര്യ മേഖലയില് വലിയമാറ്റം ഉണ്ടാക്കുന്നതാണ് ഇത്.
കേരള-കര്ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണൂര് മൈസൂരു പാതയുടെ കേരളത്തിലുള്ള ഭാഗം ദേശീയപാതയാക്കാന് തീരുമാനിച്ചത് സംസ്ഥാനത്തിന്റെ ഗതാഗത രംഗത്തും ടൂറിസം രംഗത്തും വലിയ മാറ്റം കൊണ്ടുവരും. കണ്ണൂര് വിമാനത്താവളം മട്ടന്നൂര് കൂട്ടുപുഴ വളവുപാറ മാക്കൂട്ടം- വിരാജ്പേട്ട- മടിക്കേരി വഴിയാണ് മൈസൂരു പാത. കണ്ണൂര് വിമാനത്താവളം റോഡ് കൂടി ദേശീയപാതയുടെ ഭാഗമാകുന്നത് മലബാറിന്റെ വികസനത്തിന് കരുത്തേകും.
ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള പ്രദേശങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. സംസ്ഥാനത്തിന്റെ കാര്ഷിക, വ്യാവസായിക, വാണിജ്യ വികസന രംഗത്തിനും കണ്ണൂര്-മൈസൂര് പാത വികസനം ഗുണകരമായിരിക്കും. തലസ്ഥാന വികസനത്തില് നിര്ണായകമായിരിക്കും തിരുവനന്തപുരം- വിഴിഞ്ഞം റിങ് റോഡ്.
പ്രധാനപ്പെട്ട 11 റോഡുകളെയാണ് ഭാരത് മാലാ രണ്ടാംഘട്ട പദ്ധതിയില് ഉള്പ്പെടുത്തിയത്. ആലപ്പുഴ (എന്എച്ച് 47) -ചങ്ങനാശ്ശേരി – വഴി വാഴൂര്-പതിനാലാം മൈല് (എന്എച്ച് 220) – 50 കി.മീ, കായകുളം (എന്.എച്ച് 47) – തിരുവല്ല ജങ്ഷന് (എന്എച്ച് 183)- 23 കി.മീ, വിജയപുരത്തിനടുത്തുള്ള ജങ്ഷന് (എന്എച്ച് 183) -ഊന്നുകലിനടുത്തുള്ള ജങ്ഷന് (എന്എച്ച് 85 )- 45 കി.മീ, കല്പ്പറ്റയ്ക്കടുത്തുള്ള ജങ്ഷന് (എന്എച്ച് 766 ) – മാനന്തവാടി -50 കി.മീ, എന്എച്ച് 183 എ ദീര്ഘിപ്പിക്കല്, ടൈറ്റാനിയം-ചവറ -(എന്എച്ച് 66 ) 17 കി.മീ, എന്എച്ച് 183 എ പമ്പയുമായി ബന്ധിപ്പിക്കുന്ന ളാഹ-ഇലവുങ്കല് – 21.6 കി.മീ പുതിയ ദേശീയപാത, തിരുവനന്തപുരം തെ?ല 72 കി.മീ, ഹോസ്ദുര്ഗ് – പാണത്തൂര്- – ഭാഗമണ്ഡലം- മടിക്കേരി (കേരളത്തിലൂടെ പോകുന്ന റോഡ്) 57 കി.മീ, ചെര്ക്കള- കല്ലിടുക്ക (കേരളത്തിലൂടെ പോകുന്ന റോഡ്) 28 കി.മീ, വടക്കാഞ്ചേരിയെ – പൊള്ളാച്ചിയുമായി ബന്ധിപ്പിക്കുന്ന റോഡ്, തിരുവനന്തപുരം ഇന്റര്നാഷണല് സീ പോര്ട്ടിനെ ബന്ധിപ്പിക്കുന്ന വിഴിഞ്ഞം -കരമന- കളിയിക്കാവിള റോഡ് എന്നിവയാണ് ഈ റോഡുകള്.