തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പ് അനുപാതം പുനഃക്രമീകരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തിൽ ഒരു കമ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാത്ത വിധത്തിലാണ് ഇത് പുനഃക്രമീകരിക്കുന്നത്.
ക്രിസ്ത്യൻ 18.38%, മുസ്ലീം 26.56%, ബുദ്ധർ 0.01%, ജൈൻ 0.01%, സിഖ് 0.01% എന്നിങ്ങനെയാണ് സ്കോളർഷിപ്പ് അനുവദിക്കുക. നേരത്തെ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗങ്ങൾക്ക് കുറവുകൾ വരാത്ത വിധമാണ് പുനഃക്രമീകരിക്കുന്നത്.
സ്കോളർഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതിൽ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനമായി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള അഗതിരഹിത കേരളം പദ്ധതിയിൽ നിന്നും ഒഴിവാക്കപ്പെട്ട അതി ദരിദ്രരെ കണ്ടെത്തുന്നതിന് തയ്യാറാക്കിയ മാർഗരേഖ മന്ത്രിസഭാ യോഗം അംഗീകരിച്ചു. നാലര മാസത്തിനുള്ളിൽ സർവ്വേ പൂർത്തിയാക്കും.