ആലപ്പുഴ> ആര്എസ്എസ് കൊലക്കത്തിക്കിരയായ പത്താംക്ലാസ് വിദ്യാര്ത്ഥിയും എസ്എഫ്ഐ പ്രവര്ത്തകനുമായ അഭിമന്യുവിന്റെ കേസില് പൊലീസ് കുറ്റപത്രം സമര്പ്പിച്ചു. സജയ് ജിത്ത്, ജിഷ്ണു തമ്പി, അരുണ് അച്യുതന്, ആകാശ്, പ്രണവ്, ഉണ്ണികൃഷ്ണന്, അരുണ് വരിക്കോലി എന്നിങ്ങനെ ഏഴു പ്രതികള്ക്കെതിരെയാണ് കുറ്റപത്രം.ഇതില് അരുണ് വരിക്കോലിയെ ഒഴികെ ബാക്കിയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
ആലപ്പുഴ വള്ളികുന്നം അമൃത ഹൈസ്കൂളില് അഞ്ചാമത്തെ പരീക്ഷയെഴതാന് തയ്യാറെടുക്കുന്നതിനിടെ വള്ളികുന്നം പടയണിവെട്ടം ക്ഷേത്രമൈതാനത്തുവച്ച് അഭിമന്യുവിനെ (15) അരുംകൊലചെയ്യുകയായിരുന്നു. ക്ഷേത്രത്തിലെ വിഷു ഉത്സവ ദിനത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ക്ഷേത്രവളപ്പിന് കിഴക്കുള്ള മൈതാനത്തുവച്ച് അഭിമന്യുവിന്റെ വയറിന്റെ ഇടതുഭാഗത്ത് കുത്തുകയായിരുന്നു. നാല് സെന്റീമീറ്റര് വ്യാസത്തില് വയറില് കത്തി ആഴ്ന്നിറങ്ങി.
മുന്വൈരാഗ്യം മൂലം കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില് പറയുന്നത്. അഭിമന്യുവിന്റെ സഹോദരന് അനന്തുവുമായും പ്രതികള്ക്ക് വൈരാഗ്യമുണ്ടായിരുന്നു. അനന്തുവിനെ തേടിയെത്തിയവര് അഭിമന്യുവിനെ കുത്തി വീഴ്ത്തിയെന്നാണ് കണ്ടെത്തല്. 262 പേജുള്ള കുറ്റപത്രമാണ് കായംകുളം ഒന്നാംക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റിന് മുന്നില് സമര്പ്പിച്ചിരിക്കുന്നത്
അതേസമയം, കൊല്ലപ്പെടുന്നതിന് മുമ്പ് അഭിമന്യു എഴുതിയ നാല് പരീക്ഷകളിലും മികച്ച വിജയം നേടി. ഇംഗ്ലീഷിന് എ ഗ്രേഡ്, ഇന്ഫര്മേഷന് ടെക്നോളജിയില് എ പ്ലസ്, മലയാളം ഒന്നാം പേപ്പറിന് ബി, ഹിന്ദിക്ക് സി പ്ലസ് എന്നിങ്ങനെയാണ് ഫലം.