ന്യൂഡൽഹി>വാട്ട്സ്ആപ്പ് സന്ദേശങ്ങൾ തെളിവായി പരിഗണിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ‘ഈ കാലത്ത് വാട്ട്സ്ആപ്പ് സന്ദേശങ്ങൾ എങ്ങനെ തെളിവായി പരിഗണിക്കാൻ പറ്റും?. സമൂഹമാധ്യമങ്ങളിൽ ആർക്കും എന്ത് വേണമെങ്കിലും ഉണ്ടാക്കാനും അതുപോലെ ഇല്ലാതാക്കാനും പറ്റും. വാട്ട്സ്ആപ്പ് സന്ദേശങ്ങൾക്ക് തെളിവെന്ന നിലയിൽ ഞങ്ങൾ ഒരു മൂല്യവും കാണുന്നില്ല’–- ചീഫ്ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ ഹൃഷികേശ്റോയ്, എ എസ് ബൊപ്പണ്ണ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
വാട്ട്സ്ആപ്പിൽ സന്ദേശങ്ങൾ എഴുതുന്ന ആളെ അതുമായി ബന്ധിപ്പിക്കാൻ പ്രായോഗികബുദ്ധിമുട്ടുകൾ ഉണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. സൗത്ത് ഡൽഹി മുൻസിപ്പൽ കോർപറേഷൻ മാലിന്യ നിർമാർജനത്തിന് സ്വകാര്യകൺസോർഷ്യവുമായി 2016ൽ ഉണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയനിരീക്ഷണം.
കോർപറേഷനുമായി കരാറിൽ ഏർപ്പെട്ട കൺസോർഷ്യത്തിലെ രണ്ട് കമ്പനികളുടെ പ്രതിനിധികൾ വാട്ട്സ്ആപ്പിലൂടെ നടത്തിയ ആശയവിനിമയം തെളിവായി പരിഗണിക്കണമെന്ന വാദമാണ് സുപ്രീംകോടതി പരിശോധിച്ചത്. കരാറിന്റെ അടിസ്ഥാനത്തിലുള്ള ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വാട്ട്സ്ആപ്പ് സന്ദേശങ്ങളെ തെളിവായി പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. തുടർന്നാണ്, വാട്ട്സ്ആപ്പ് സന്ദേശങ്ങളുടെ തെളിവ് മൂല്യത്തെ കുറിച്ച് കോടതി പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ നടത്തിയത്.