തൃശൂർ> സുഗന്ധലേപന വിപണിയിൽ കോടികൾ വിലമതിക്കുന്ന തിമിംഗലത്തിന്റെ ഛർദിൽ (ആംബർ ഗ്രീസ്) കടത്തിയതിന് പിടിയിലായവർക്ക് ഉൽപ്പന്നം കൈമാറിയ മലപ്പുറം തിരൂരിലെ സംഘം മുങ്ങി. പ്രതികളെ തിരൂരിലെത്തിച്ച് വ്യാഴാഴ്ച്ച തെളിവെടുപ്പ് നടത്തി.
പിടിയിലായ വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരെ വനംവകുപ്പ് അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് കൊണ്ടു വരികയായിരുന്നു.
തിരൂരിലെ വീട്ടിൽവച്ചാണ് ആംബർ ഗ്രീസ് കൈമാറിയതെന്നാണ് പ്രതികളെ ചോദ്യംചെയ്തതിൽനിന്ന് വ്യക്തമായത്. എന്നാൽ വ്യാഴാഴ്ച പ്രതികളെ തിരൂരിലെത്തിച്ചപ്പോൾ ഈ വീട് പൂട്ടി കിടക്കുന്നതായാണ് കണ്ടത്. വീട്ടുടമസ്ഥനും ഇയാളുടെ സഹായിയുമാണ് ആംബർഗ്രീസ് കൈമാറിയത്. ഇവരെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയതായി പട്ടിക്കാട് റേഞ്ച് ഓഫീസർ എൻ പി പ്രസാദ് പറഞ്ഞു.
ഇവരെ പിടികൂടിയാലേ ആംബർഗ്രീസിന്റെ ഉറവിടം അറിയാനാവൂവെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈ ഒമ്പതിനാണ് ചേറ്റുവയിൽവച്ച് വനം വിജിലൻസിന്റെ നേതൃത്വത്തിലുള്ള സംഘം ആംബർഗ്രീസുമായി പ്രതികളെ പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വന്യജീവി കേസന്വേഷണങ്ങളിൽ വിദഗ്ദനായ വനംവകുപ്പുദ്യോഗസ്ഥൻ ഒരു മാസത്തോളം കച്ചവടക്കാരനെന്ന വ്യാജേന ഇവരുടെ പിന്നിൽ കൂടിയിരുന്നു. പല സ്ഥലങ്ങളിലേക്കും ഇവർ കൂട്ടിക്കൊണ്ടുപോയി. ഒടുവിലാണ് ചേറ്റുവയിൽവച്ച് ആംബർഗ്രീസ് പുറത്തെടുത്തത്. ഉടൻ വനംവകുപ്പ് സമഘം വളഞ്ഞ് പിടികൂടുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ കൈമാറിയതാണെന്നാണ് പ്രതികൾ ആദ്യം മൊഴി നൽകിയത്. അന്വേഷകസംഘം ഇതു മുഖവിലക്കെടുത്തില്ല. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് തിരൂർ ബന്ധം അറിഞ്ഞത്.
പിടിച്ചെടുത്ത ആംബർഗ്രീസിനു 19 കിലോ ഭാരമുണ്ട്. സുഗന്ധലേപന മാർക്കറ്റിൽ 30 കോടിയോളം വില ലഭിക്കും. ഗൾഫ് നാടുകളിലാണ് ആംബർഗ്രീസിന്റെ പ്രധാന വിപണി. ആന്ധ്രയിലെ ഗുണ്ടൂർ, വിശാഖപട്ടണം എന്നിവിടങ്ങളിൽ വിപണനത്തിന്റെ റാക്കറ്റുകളുണ്ടെന്ന് സൂചനയുണ്ട്.