കൊച്ചി
ഇന്ത്യൻ അത്ലറ്റിക് ടീമിന്റെ മുഖ്യ പരിശീലകനാവുന്ന ആദ്യ മലയാളിയാണ് പി രാധാകൃഷ്ണൻ നായർ. ഒളിമ്പിക്സിനുള്ള സംഘത്തിനൊപ്പം ടോക്യോയിലേക്ക് പറക്കാനിരിക്കുകയാണ് ഇദ്ദേഹം. ഒന്നരവർഷമായി നാട്ടിൽ പോയിട്ടില്ല. പട്യാലയിലെ ക്യാമ്പിൽ കായികതാരങ്ങൾക്കൊപ്പമാണ് അറുപത്തിരണ്ടുകാരൻ. 26 അത്ലീറ്റുകളുമായി 23ന് പുറപ്പെടാനിരിക്കെ ടോക്യോയിലെ സാധ്യതകൾ വിലയിരുത്തുന്നു.
ടോക്യോയിൽ അത്ലറ്റിക്സിൽ മെഡൽ പ്രതീക്ഷയുണ്ടോ?
ഉണ്ടെന്നാണ് ഉത്തരം. 26 അംഗ ടീമിൽ 16 പേർ വ്യക്തിഗത ഇനങ്ങളിൽ മത്സരിക്കുന്നു. രണ്ട് റിലേ ടീമുമുണ്ട്. ഏത് ഇനത്തിലും പ്രവചനം സാധ്യമല്ല. അത്ലറ്റിക്സിൽ ഓരോ ദിവസത്തെ പ്രകടനം പ്രധാനമാണ്. പുരുഷന്മാരുടെ ജാവലിൻത്രോയും വനിതകളുടെ ഡിസ്കസ്ത്രോയുമാണ് ഏറ്റവുമധികം മെഡൽ സാധ്യതയുള്ളത്. നീരജ് ചോപ്രയും ശിവ്പാൽ സിങ്ങുമാണ് ജാവലിൻത്രോയിൽ മത്സരിക്കുന്നത്. ഡിസ്കസ്ത്രോയിൽ കമൽ പ്രീത് കൗറും സീമാ പൂണിയയും. പുരുഷന്മാരുടെ 4–-400 റിലേ ടീമിലും നല്ല വിശ്വാസമുണ്ട്. ടീം ഫൈനലിൽ എത്തുമെന്നാണ് പ്രതീക്ഷ.
ടീമിന്റെ സാധ്യതകളെ
കോവിഡ് ബാധിച്ചോ?
ഒളിമ്പിക്സ് ഒരുക്കത്തെ മാത്രമല്ല, അത്ലീറ്റുകളുടെ പ്രകടനത്തേയും കോവിഡ് ബാധിച്ചു. ചുരുങ്ങിയത് 40 അത്ലീറ്റുകൾ യോഗ്യത നേടുമെന്ന് കരുതിയതാണ്. ലോക റിലേ ചാമ്പ്യൻഷിപ് അടക്കം പ്രധാനപ്പെട്ട മീറ്റുകളിൽ പങ്കെടുക്കാനായില്ല. വിദേശത്ത് നടന്ന പല യോഗ്യതാ മീറ്റുകളിലും ടീമിനെ അയക്കാൻ സാധിച്ചില്ല. 1500 മീറ്ററിൽ പി യു ചിത്രയ്ക്കും ട്രിപ്പിൾജമ്പിൽ കാർത്തിക്കിനും വനിതകളുടെ 4–-400 മീറ്റർ റിലേ ടീമിനും യോഗ്യത നേടാൻ പറ്റാതിരുന്നതിന് പ്രധാന കാരണമിതാണ്. വിദേശ മീറ്റിൽ പങ്കെടുക്കാൻ സാധിച്ചിരുന്നെങ്കിൽ ഇവർക്കെല്ലാം മികച്ച റാങ്കിങ്ങിലൂടെ യോഗ്യത കിട്ടുമായിരുന്നു.
കോവിഡ് കാലത്ത് ക്യാമ്പിലുള്ള താരങ്ങളെല്ലാം മാനസിക പിരിമുറുക്കത്തിലായി. 18 മാസമായി തുറന്ന ജയിലുപോലെയായിരുന്നു ക്യാമ്പ്. പരിശീലനത്തേയും മുന്നൊരുക്കത്തേയും കോവിഡ് നന്നായി ബാധിച്ചു. പക്ഷേ, ഞങ്ങൾ വിട്ടുകൊടുത്തില്ല. കോവിഡുമായി പൊരുതിത്തന്നെ ഒരുക്കം പൂർത്തിയാക്കി.
കോവിഡ് സുരക്ഷകൾ
എന്തൊക്കെയാണ്?
ജപ്പാനിൽ കർശന നിയന്ത്രണമാണ്. പുറപ്പെടുന്നതിന് മുമ്പുള്ള ഏഴുദിവസവും കോവിഡ് പരിശോധന നടത്തണം. യാത്രയിൽ 72 മണിക്കൂറിനും 96 മണിക്കൂറിനും ഇടയിൽ എടുത്ത ആർടിപിസിആർ ടെസ്റ്റിന്റെ റിപ്പോർട്ട് കരുതണം. ടോക്യോയിൽ എത്തിയാൽ മൂന്നുദിവസം ക്വാറന്റൈൻ. ഒളിമ്പിക് ഗ്രാമത്തിൽ നല്ല നിയന്ത്രണമുണ്ടെന്നാണ് മനസ്സിലാകുന്നത്. മറ്റ് രാജ്യങ്ങളിലെ കായികതാരങ്ങളുമായി ഒരു ഇടപെടലും സാധ്യമല്ല. പരിശീലനം, മത്സരം, ഭക്ഷണം, താമസം ഇതുമാത്രമേ സാധ്യമാകൂ. ഇതെല്ലാം ഇവിടെ ക്യാമ്പിൽ ശീലമായി.
മലയാളി സാന്നിധ്യം
കുറഞ്ഞുപോയോ?
അങ്ങനെ പറയാൻ പറ്റില്ല. നാലിലൊന്ന് മലയാളികളല്ലേ, ഏഴു പേർ. വനിതകൾ ഇല്ലെന്നത് ശരിയാണ്. 4–-400 മീറ്റർ റിലേ ടീം യോഗ്യത നേടിയിരുന്നെങ്കിൽ അവരും ഉൾപ്പെടുമായിരുന്നു. റാങ്കിങ്ങിൽ അവസാന നിമിഷം പതിനേഴാമതായി. 16 ടീമുകൾക്കാണ് യോഗ്യത. യോഗ്യതയ്ക്കുള്ള അവസാന ദിവസമായ ജൂൺ 29ന് ഇറങ്ങിയ റാങ്കിങ്ങിൽ ബഹാമസ് മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ മുന്നിലെത്തി.
ടീമിന്റെ യാത്ര സംബന്ധിച്ച്
തീരുമാനമായോ?
ഇരുപത്താറ് അത്ലീറ്റുകൾക്കൊപ്പം 22 ഒഫീഷ്യലുകളും ഒപ്പമുണ്ടാകും. ആദ്യസംഘം 23ന് പുറപ്പെടും. നടത്തക്കാരുടെ സംഘം 29നാണ് യാത്രതിരിക്കുക. ഡോ. മധുകാന്ത് പഥകാണ് സംഘത്തലവൻ. പരിശീലകരായി മലയാളികളായ എം കെ രാജ്മോഹനനും എം മുരളിയും ടീമിനൊപ്പമുണ്ട്.