കണ്ണൂർ
ഒളിമ്പിക്സിൽ മെഡൽ നേടിയ ഏക മലയാളിയാണ് മാനുവൽ ഫെഡ്രിക്സ്. 1972ലെ മ്യൂണിക് ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പറായിരുന്നു. കണ്ണൂർ ബർണശേരിക്കാരനാണ് എഴുപത്തിമൂന്നുകാരൻ. ഇപ്പോൾ കണ്ണൂരിലും ബംഗളൂരുവിലുമായി കഴിയുന്നു.
സന്തോഷത്തിനൊപ്പം ഭീതിയും നിറഞ്ഞതായിരുന്നു മ്യൂണിക് ഒളിമ്പിക്സെന്ന് മാനുവൽ ഓർക്കുന്നു. ‘തീവ്രവാദികളുടെ അക്രമത്തിൽ കളിക്കാരാകെ വിറങ്ങലിച്ചുപോയ ഒളിമ്പിക്സായിരുന്നു അത്. മുറിക്കകത്ത് അടച്ചിരുന്ന് കളിക്കുമാത്രം പുറത്തിറങ്ങിയ നാളുകൾ മറക്കാനാവില്ല. മ്യൂണിക്കിൽ പരിശീലനത്തിന് അവസരം ലഭിച്ചിരുന്നെങ്കിൽ സ്വർണം കിട്ടുമായിരുന്നു. എട്ടിൽ ഏഴ് കളിയും ജയിച്ച ഇന്ത്യ സെമിയിൽ പാകിസ്ഥാനോടാണ് പരാജയപ്പെടുന്നത്. തുടർന്ന് ഹോളണ്ടിനെ കീഴടക്കിയായിരുന്നു വെങ്കലം.
അർമിത് സിങ്ങായിരുന്നു ക്യാപ്റ്റൻ. ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്റെ മകൻ അശോക്കുമാർ, ലിയാൻഡർ പെയ്സിന്റെ അച്ഛൻ പി പെയ്സ്, അജിത്പാൽ സിങ്, മുഖ്ബാൽസിങ്, കുൽവന്ത് സിങ്, ഗോവിന്ദ, എം പി ഗണേഷ് തുടങ്ങിയ പ്രഗത്ഭരായിരുന്നു സഹതാരങ്ങൾ. ‘ടൈഗർ’ എന്ന് വിളിപ്പേരുള്ള മാനുവലിന് അർഹതയ്ക്കുള്ള അംഗീകാരം ഒരിക്കലും ലഭിച്ചില്ല. മെഡൽ നേടിയ ടീമിലെ എട്ടുപേർക്ക് അർജുന അവാർഡും രണ്ടുപേർക്ക് പത്മശ്രീയും നൽകി ആദരിച്ചപ്പോൾ മാനുവലിനെ മറന്നു. 21 അന്താരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യയുടെ ഗോൾവലയം കാത്ത താരത്തെയാണ് പൂർണമായി അവഗണിച്ചത്. 1973ൽ ഹോളണ്ട് ലോകകപ്പിൽ വെള്ളിയും അർജന്റീന ലോകകപ്പിൽ നാലാം സ്ഥാനവും കരസ്ഥമാക്കിയ ഇന്ത്യൻടീമിൽ അംഗമായിരുന്നു.
കണ്ണുർ ബിഇഎംയുപി സ്കൂളിലും സെന്റ് മൈക്കിൾസ് സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. 11–-ാം വയസ്സിൽ ഹോക്കിയുടെ മുഖ്യധാരയിലെത്തി. പിന്നീട് ബംഗളൂരു ആർമി സപ്ലൈ കോറിലെ കളിക്കാരനായി. 18 വർഷം ബംഗളൂരു എച്ച്എഎല്ലിന്റെ പരിശീലകനായി. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് മാനുവലിന് കണ്ണൂരിൽ വീട് നിർമിച്ചുനൽകിയത്.