ടോക്യോ
മഹാമാരിക്കാലത്ത് ഒരു ഒളിമ്പിക്സ്. എട്ടുദിനം കഴിഞ്ഞാൽ ജപ്പാനിലെ ടോക്യോ നഗരത്തിൽ ലോക കായിക മേളയ്ക്ക് തുടക്കമാകും. തുടർന്നുള്ള രണ്ടാഴ്ചക്കാലം കായിക ലോകം ടോക്യോയിൽ ചുരുങ്ങും. കോവിഡ് കാലമായതിനാൽ ടോക്യോയിൽ അടിയന്തരാവസ്ഥയാണ്. കാണികൾക്ക് പ്രവേശനമില്ല. അതിനാൽത്തന്നെ ഇക്കുറി ‘ടെലിവിഷൻ ഒളിമ്പ്ക്സ്’ ആണ്.
പുതുതായി പണിത നാഷണൽ സ്റ്റേഡിയത്തിൽ 23ന് മേളയ്ക്ക് കൊടി ഉയരും. ഇതേവേദിയിൽ ആഗസ്ത് എട്ടിന് സമാപനമാകും. കോവിഡ് കാരണം ഒരുവർഷം നീട്ടിവച്ച മേളയാണിത്. എങ്കിലും ടോക്യോ 2020 എന്ന പേരിൽത്തന്നെയാണ് അറിയപ്പെടുക. കടമ്പകളേറെയായിരുന്നു. ഒരുഘട്ടത്തിൽ റദ്ദാക്കുമെന്നുള്ള അഭ്യൂഹങ്ങൾവരെ ഉയർന്നു. ജപ്പാനിൽ ഇപ്പോഴും പ്രതിഷേധമാണ്. കോവിഡ് പ്രതിസന്ധിക്കിടെ മേള സംഘടിപ്പിക്കുന്നതിനെതിരെ ആളുകൾ രംഗത്തെത്തി.
ജപ്പാനിലെ ഭൂരിഭാഗംപേരും എതിരായിരുന്നു. മേള റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ വൻ സാമ്പത്തിക നഷ്ടമാകുമെന്നായിരുന്നു രാജ്യാന്തര ഒളിമ്പിക് സമിതിയുടെ വിലയിരുത്തൽ. എന്തുവന്നാലും നടത്തുമെന്ന് സംഘാടകസമിതയും സർക്കാരും പ്രഖ്യാപിച്ചതോടെ ഒളിമ്പിക്സ് പ്രതീക്ഷകൾ സജീവമാകുകയായിരുന്നു.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കായിക താരങ്ങളുടെ വരവ്. ഒരുവർഷം നഷ്ടമായതിനാൽ പല താരങ്ങളുടെയും പദ്ധതികൾ തകിടംമറിഞ്ഞുപോയി. ലോക റെക്കോഡുകാരൻ യുസൈൻ ബോൾട്ട് വിരമിച്ചതിനുശേഷമുള്ള ആദ്യ ഒളിമ്പിക്സാണിത്. അത്ലറ്റിക്സും നീന്തലുമാണ് മേളയുടെ ശ്രദ്ധേയ ഇനങ്ങൾ. ഫുട്ബോൾ, ഹോക്കി, ജിംനാസ്റ്റിക്സ്, ഷൂട്ടിങ്, ബോക്സിങ്, ഗുസ്തി, അമ്പെയ്ത്ത് ഇനങ്ങളും മേളയ്ക്ക് ഹരം പകരും. 2008നുശേഷം ആദ്യമായി ബേസ്ബോളും സോഫ്റ്റ്ബോളും ഉൾപ്പെട്ടു. ചില പുതിയ ഇനങ്ങളുമുണ്ട് ഇക്കുറി.
മിക്ക രാജ്യങ്ങളും ഒഫീഷ്യൽസിനെ ചുരുക്കി, കൂടുതൽ കായിക താരങ്ങളെ ഉൾപ്പെടുത്തിയാണ് ടോക്യോയിൽ എത്തുന്നത്. ഏകദേശം 11000 കായിക താരങ്ങൾ മേളയ്ക്കെത്തും. 206 രാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണ് പങ്കെടുക്കുന്നത്. 33 കായിക ഇനങ്ങളിലാണ് മത്സരം. കോവിഡ് മാനദണ്ഡങ്ങൾ കർശനമാണ് ടോക്യോയിൽ. ലംഘിച്ചാൽ കടുത്ത ശിക്ഷ ലഭിക്കും. ഒളിമ്പിക് ഗ്രാമത്തിൽ ദിനംതോറും താരങ്ങൾക്ക് പരിശോധനയുണ്ടാകും. മറ്റു കായിക താരങ്ങളുമായി ഇടപഴകാൻ പറ്റില്ല. അമേരിക്കയും ചൈനയുമായിരിക്കും പതിവുപോലെ മെഡൽക്കൊയ്ത്ത് നടത്തുക.
അമേരിക്കൻ ജിംനാസ്റ്റിക്സ് താരം സിമോണി ബൈൽസ്, ഓസ്ട്രേലിയൻ നീന്തൽ വിസ്മയം അറിയാർനെ ടിറ്റ്മുസ്, അമേരിക്കൻ അത്ലീറ്റുകളായ അല്ലിസൺ ഫെലിക്സ്, ഗ്വെൻ ബെറി, ട്രയ്വൺ ബ്രൊമ്മെൽ, കനഡയുടെ ആന്ദ്രേ ഡി ഗ്രാസ്, ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ, മാരത്തൺ താരം കെനിയയുടെ എലിയുദ് കിപ്ചോഗി തുടങ്ങുന്ന വൻ നിരയുണ്ട് ഇക്കുറി ടോക്യോയിൽ.