തിരുവനന്തപുരം
ഓണത്തിന് സംസ്ഥാന സർക്കാർ നൽകുന്ന പ്രത്യേക കിറ്റിൽ ശർക്കര വരട്ടിയും ക്രീം ബിസ്കറ്റും ഉൾപ്പെടെ 17 ഇനം. എല്ലാ റേഷൻ കാർഡുടമകൾക്കും ആഗസ്ത് ഒന്നുമുതൽ കിറ്റ് നൽകും. കുട്ടികളുടെ അഭ്യർഥന പരിഗണിച്ചാണ് ക്രീം ബിസ്കറ്റ് ഉൾപ്പെടെയുള്ള ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തിയതെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു.
പായസക്കിറ്റ് ഉണ്ടാകും. അവശ്യസാധനങ്ങളായ പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, തുവരപ്പരിപ്പ്, തേയില, മുളക്/ മുളക്പൊടി, ഉപ്പ്, മഞ്ഞൾ, ആട്ട, ശർക്കരവരട്ടി/ ഉപ്പേരി, ബാത്ത് സോപ്പ് തുടങ്ങിയവയുമുണ്ട്. തുണി സഞ്ചിയിലാണ് കിറ്റ് വിതരണം. സപ്ലൈകോയ്ക്കാണ് വിതരണച്ചുമതല.
സൗജന്യകിറ്റിന്റെ വിതരണം ആഗസ്ത് 18ന് പൂർത്തിയാക്കും. അടഞ്ഞുകിടക്കുന്ന പൊതുവിദ്യാലയങ്ങൾ ഉൾപ്പെടെയുള്ളവ ഭക്ഷ്യക്കിറ്റ് ഒരുക്കാൻ ഉപയോഗപ്പെടുത്തും. ഓണക്കിറ്റിലെ അവശ്യസാധനങ്ങളുടെ അളവും ഗുണനിലവാരവും പരിശോധിച്ച് ഉറപ്പാക്കണമെന്ന് മന്ത്രി സപ്ലൈകോ അധികൃതർക്ക് നിർദേശം നൽകി.