ന്യൂഡൽഹി
സുപ്രീംകോടതി റദ്ദാക്കിയ ഐടി ആക്ടിലെ 66എ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളെല്ലാം പിൻവലിക്കണമെന്നും ഈ വകുപ്പ് പ്രകാരം ഇനി കേസ് രജിസ്റ്റർ ചെയ്യരുതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഈ വകുപ്പ് ചുമത്തി പല സംസ്ഥാനങ്ങളിലും ഇപ്പോഴും കേസെടുക്കുന്നുണ്ടെന്ന് സുപ്രീംകോടതിയിൽ ഹർജി എത്തിയിരുന്നു.
ഇത് പരിഗണിക്കവെ, 2015ൽ സുപ്രീംകോടതി റദ്ദാക്കിയ വകുപ്പിൽ ഇപ്പോഴും കേസുകളുണ്ടെന്നറിഞ്ഞ ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് നടുക്കം രേഖപ്പെടുത്തി. വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ നിർദേശിച്ച് കേന്ദ്രസർക്കാരിന് നോട്ടീസയച്ചു.
ഇതോടെയാണ് നിലവിലുള്ള കേസുകൾ റദ്ദാക്കാനും ഭാവിയിൽ ഈ വകുപ്പിൽ കേസെടുക്കരുതെന്നും കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകൾക്കും പൊലീസ് മേധാവികൾക്കും നിർദേശം നൽകിയത്.