റായ്പുർ
ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ മതപ്രചാരകരുടെയും മതംമാറിയ ആദിവാസികളുടെയും പ്രവർത്തനം നിരീക്ഷിക്കണമെന്ന് പൊലീസിന് നിർദേശം. പ്രവർത്തനം സംശയാസ്പദമെങ്കിൽ റിപ്പോർട്ട് ചെയ്യണം. സുക്മ എസ്പി സുനിൽ ശർമയാണ് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും സർക്കുലർ അയച്ചത്. ജില്ലയിലെ ഉൾപ്രദേശങ്ങളിൽ മിഷണറിമാരും മതംമാറിയവരും നിരന്തരം എത്തി മറ്റ് ആദിവാസികളെ മതംമാറാൻ പ്രേരിപ്പിക്കുകയാണെന്നും ഇത് സംഘർഷ സാധ്യതയുണ്ടാക്കുമെന്നും സർക്കുലറിൽ പറഞ്ഞു. മതപ്രചാരണം നിരോധിക്കാനുള്ള ശ്രമമല്ലെന്നും മുൻകരുതൽ നടപടിയാണെന്നും എസ്പി അവകാശപ്പെട്ടു. അടുത്ത ജില്ലകളിൽ ഇത്തരത്തിൽ സംഘർഷം ഉണ്ടായിട്ടുണ്ടെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
സർക്കുലർ ഭരണഘടനാവിരുദ്ധമാണെന്നും തെളിവില്ലാത്ത ആരോപണമാണ് എസ്പി ഉന്നയിച്ചിരിക്കുന്നതെന്നും ഛത്തീസ്ഗഢ് ക്രിസ്ത്യൻ ഫോറം പറഞ്ഞു. ആദിവാസി മേഖലയായ ബസ്തറിൽ ക്രിസ്ത്യാനികൾ നിരന്തരം അതിക്രമത്തിന് ഇരയാകുകയാണെന്നും ഇവർ പറഞ്ഞു.