ഹവാന
രാജ്യത്ത് കലാപമുണ്ടാക്കാനുള്ള അമേരിക്കൻ ശ്രമങ്ങളെ അപലപിച്ച് ക്യൂബ. അസത്യം പ്രചരിപ്പിച്ചും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയും ക്യൂബയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നതെന്ന് ക്യൂബൻ വിദേശമന്ത്രി ബ്രൂണോ റോഡ്രിഗസ് പറഞ്ഞു.
ക്യൂബൻ സർക്കാരിനെ അട്ടിമറിക്കുക, രാജ്യത്തെ സാമൂഹ്യക്രമം തകർക്കുക എന്നീ ദീർഘകാല രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി അമേരിക്ക വൻതോതിൽ പണമിറക്കുന്നു. അമേരിക്കൻ ഉപരോധം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ക്യൂബ യു എൻ പൊതുസഭയിൽ ജൂൺ 23ന് സമർപ്പിച്ചതുമുതൽ ക്യൂബാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് തീവ്രത കൂട്ടി. കോവിഡ് പ്രതിസന്ധി മുതലാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമം. അക്രമങ്ങളും സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിച്ചു. നേതാക്കളെ കൊല്ലാൻ പദ്ധതിയിട്ടു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കാൻ അനിയന്ത്രിത അഭയാർഥി പ്രവാഹം പ്രോത്സാഹിപ്പിക്കുന്നു. അമേരിക്കയുടെ വിധ്വംസക പ്രവർത്തനങ്ങൾ മേഖലയെയാകെ ബാധിക്കും–- റോഡ്രിഗസ് പറഞ്ഞു.
ട്രംപ് ഭരണത്തിൽ ക്യൂബയ്ക്കെതിരെ ഇന്റർനെറ്റ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരുന്നു. വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചും ട്രോളുകളിലൂടെയും നവമാധ്യമങ്ങളിൽ ക്യൂബ വിരുദ്ധ സന്ദേശങ്ങൾ നിറയ്ക്കാൻ വർധിതവീര്യത്തോടെയുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. ഫ്ലോറിഡ ആസ്ഥാനമായ ‘എസ്ഒഎസ് ക്യൂബ’ ക്യാമ്പെയ്ൻ ഉദാഹരണമാണ്. അമേരിക്കൻ സർക്കാർ ഇതിനായി പണം മുടക്കുന്നു. ക്യൂബയ്ക്കായുള്ള സഹായാഭ്യർഥനകൊണ്ട് യഥാർഥത്തിൽ അമേരിക്കൻ സൈനിക നീക്കമാണ് ഉദ്ദേശിക്കുന്നത്.
ബൈഡനെതിരെ
ക്യൂബയിലെ പ്രതിഷേധത്തിൽ ആശങ്ക പ്രകടിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പരാമർശത്തിലെ പൊള്ളത്തരവും റോഡ്രിഗസ് തുറന്നുകാട്ടി. അമേരിക്കയുടെ സാമ്പത്തിക ഉപരോധം പരാമർശിക്കാതെയുള്ള ‘ആശങ്കപ്പെടൽ’ ഇരട്ടത്താപ്പാണ്. ആത്മാർഥമായ ആശങ്കയുണ്ടെങ്കിൽ ഉപരോധത്തിൽ ഇളവ് നൽകണം. ഉപരോധത്തെ എതിർത്ത് ക്യൂബയ്ക്കുവേണ്ടി സംസാരിക്കുന്ന അമേരിക്കയിലെ ജനങ്ങളെയെങ്കിലും ബൈഡൻ മാനിക്കണം–- റോഡ്രിഗസ് പറഞ്ഞു.