ബീജിങ്
അഫ്ഗാനിസ്ഥാനില്നിന്നുള്ള യുഎസ്, നാറ്റോ സേനകളുടെ പിന്മാറ്റത്തെ സ്വാഗതം ചെയ്ത് ചൈന. സമാധാനം പുനഃസ്ഥാപിക്കാന് എന്ന പേരില് അമേരിക്ക 20 വര്ഷമായി നടത്തിവന്നിരുന്ന സൈനിക ഇടപെടല് പരാജയമായിരുന്നു എന്നതാണ് പിന്മാറ്റം സൂചിപ്പിക്കുന്നത്. സൈന്യത്തെ പിന്വലിച്ചതുവഴി ആഭ്യന്തരകാര്യങ്ങളില് തീരുമാനമെടുക്കാനുള്ള അധികാരം അഫ്ഗാനിസ്ഥാന് ലഭിക്കുമെന്നും ചൈനീസ് വിദേശമന്ത്രി വാങ് യി വാര്ത്താ സമ്മേളനത്തില് പറഞ്ഞു. താലിബാന് തീവ്രവാദ ബന്ധങ്ങള് അവസാനിപ്പിച്ച് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്നും ചൈന ആവശ്യപ്പെട്ടു.
അതിനിടെ രാജ്യത്ത് സമാധാനം സ്ഥാപിക്കാൻ അഫ്ഗാന് സര്ക്കാര് പ്രതിനിധി സംഘം വെള്ളിയാഴ്ച ദോഹയില് താലിബാനുമായി കൂടിക്കാഴ്ച നടത്താന് തീരുമാനിച്ചു. അനുരഞ്ജന സമിതിയുടെ തലവന് ഉള്പ്പെടെയുള്ള ഉന്നത അധികാരികളും താലിബാന്റെ മുതിര്ന്ന നേതാക്കളും പങ്കെടുക്കും.
ഇറാന്, ഉസ്ബക്കിസ്ഥാന്, തജികിസ്ഥാന് ഉള്പ്പെടെയുള്ളവയുമായി അതിര്ത്തി പങ്കിടുന്ന തന്ത്രപ്രധാന ജില്ലകള് ഉള്പ്പെടെ അഫ്ഗാന്റെ 85 ശതമാനം പ്രദേശവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് താലിബാന് അവകാശപ്പെടുന്നത്. താലിബാൻ മുന്നേറ്റത്തിനിടെ ആയിരക്കണക്കിനാളുകൾ പലായനം ചെയ്യുന്നതായും റിപ്പോർട്ടുണ്ട്.